ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ശ്രമത്തില്‍ വീണ്ടും കടുത്ത നിലപാടുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്രധാന പലിശനിരക്ക് 4% ആയി തുടരണം എന്നാണ് ബാങ്കിന്റെ തീരുമാനം. ഒന്‍പതംഗങ്ങളുള്ള മാനറ്ററി പോളിസി കമ്മിറ്റി (MPC)യില്‍ ഏഴ് അംഗങ്ങള്‍ പലിശ നിരക്കുകൾ തൽസ്ഥിതി തുടരുന്നതിന് പിന്തുണ നല്‍കിയപ്പോൾ രണ്ട് പേര്‍ ചെറിയ കുറവ് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പം 3.8% എന്ന നിലയില്‍ തുടർന്നത് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.. ബാങ്കിന്റെ പ്രഖ്യാപിത പണപ്പെരുപ്പനിരക്ക് 2 ശതമാനമാണ്. നിലവിലെ പണപ്പെരുപ്പം ഈ ലക്‌ഷ്യത്തിന്റെ ഇരട്ടിയോളമാണ് . വിലക്കയറ്റം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അടിസ്ഥാന ശമ്പളവര്‍ധനവുൾപ്പെടെ ചില ഘടകങ്ങള്‍ നിരക്കുകള്‍ താഴേക്ക് വരുന്നത് തടയുകയാണ്.
ഇതിനിടെ നവംബര്‍ മാസത്തിലെ അടുത്ത പലിശനിരക്ക് തീരുമാനം ഉറ്റുനോക്കുന്ന അവസ്ഥയാണ് എല്ലാവരും . 2024 ഓഗസ്റ്റ് മുതല്‍ ഓരോ മൂന്നു മാസത്തിനും ഒരിക്കല്‍ കുറവുണ്ടായിരുന്നുവെങ്കിലും, നിലവിലെ വിലക്കയറ്റവും ബജറ്റ് പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയ ആശങ്കകളും നവംബറില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും സന്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ലേബര്‍ സര്‍ക്കാര്‍ അധികം നികുതിവരവ് ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, നിക്ഷേപകരും വായ്പകള്‍ സ്വീകരിക്കുന്നവരും ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കും. പ്രത്യേകിച്ച്, ബജറ്റില്‍ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാല്‍, പലിശനിരക്കുകളില്‍ മാറ്റങ്ങള്‍ ഡിസംബര്‍ മാസത്തിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.
Leave a Reply