ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ സ്റ്റുഡൻ്റസിന് സർക്കാർ ഏർപ്പെടുത്തിയ ലെവി സർവ്വകലാശാലകൾക്ക് കടുത്ത ബാധ്യതയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുമൂലം സർവകലാശാലകൾക്ക് 600 മില്യൺ പൗണ്ട് ആണ് അധികമായി ചിലവാകുന്നത്. വിദേശ വിദ്യാർത്ഥികൾ നൽകുന്ന ട്യൂഷൻ ഫീയുടെ ആറു ശതമാനം ആണ് ലെവിയായി ഈടാക്കുന്നത്.
ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഹെപ്പി) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ), മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി തുടങ്ങിയ മുൻനിര സർവകലാശാലകളെ ലെവി കാര്യമായി ബാധിക്കും. ലെവിയുടെ ചിലവ് വിദ്യാർത്ഥികൾക്ക് കൈമാറാൻ യൂണിവേഴ്സിറ്റികൾ തീരുമാനിച്ചാൽ ട്യൂഷൻ ഫീ കുത്തനെ കുതിച്ചുയരും. നിലവിൽ സർക്കാർ പുതിയതായി നടപ്പിലാക്കിയ ഇമിഗ്രേഷൻ നിയമങ്ങൾ മൂലം യൂണിവേഴ്സിറ്റികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ഫീസ് കുത്തനെ കുതിച്ചുയരുന്ന സാഹചര്യം നിലവിൽ വന്നാൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വലിയ കുറവ് ഉണ്ടാകും. ഇത് സർവകലാശാലകളെ സാമ്പത്തികമായി കടുത്ത പ്രതിരോധത്തിലാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ വിദ്യാർത്ഥികളുടെ ലെവി സർവകലാശാലകളിൽ കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ഹെപ്പിയുടെ ഡയറക്ടർ നിക്ക് ഹിൽമാൻ പറഞ്ഞു. ആഗോളതലത്തിൽ മറ്റ് സർവകലാശാലകളുമായി മത്സരക്ഷമത നിലനിർത്തുന്നതിനുള്ള അവരുടെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹെർട്ട്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി, ആർട്സ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന തോതിൽ ഫണ്ട് സ്വരൂപിക്കുന്ന സർവകലാശാലകളെയും ലെവി ബാധിക്കും. സർവ്വകലാശാലകളിൽ നിന്ന് ലെവിയിലൂടെ സമാഹരിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുമെന്നാണ് സർക്കാർ പറയുന്നത്. ലെവി ഏർപ്പെടുത്തുന്നത് തുടക്കത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രതിവർഷം 14 ,000 കുറവ് വരുമെന്നാണ് ആഭ്യന്തര ഓഫീസ് കണക്കാക്കുന്നത്.
Leave a Reply