ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പദ്ധതികൾക്കായി ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടിയിരിക്കുകയാണ്. ഒക്ടോബർ 31ന് സ്കോട്ട്ലൻഡിൽ ആരംഭിച്ച ആഗോള കാലാവസ്ഥാ സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചകോടിയുടെ അവസാനം പുറത്തുവരുന്ന പ്രഖ്യാപനങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് എന്നാൽ മനുഷ്യരാശിയുടെ മുഴുവൻ നിലനിൽപ്പാണ്. ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘത്തിലുള്ള മലയാളി വൈദികനാണ് ഫാ.ഡോ.സിജി നൂറോകാരിയിൽ. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററായ ഫാ.ഡോ.സിജി നൂറോകാരിയിൽ, കോട്ടയം കുറുപ്പുന്തറ മാൻവെട്ടം സ്വദേശിയാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി ഈശോ സഭയിലെ അംഗമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക മലയാളിയായ ഫാ.ഡോ.സിജി നൂറോകാരിയിൽ മലയാളംയുകെയോട് മനസ്സ് തുറക്കുന്നു. അഭിമുഖം രണ്ടാം ഭാഗം.
❓ലോകത്തിൽ പ്ലാസ്റ്റിക് ഒരു പ്രധാന പ്രശ്നമായി മാറുകയാണ്. വർഷം തോറും 1.1 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തുന്നു. അതുപോലെ തന്നെയാണ് എണ്ണ ചോർച്ചയും. ചർച്ചകൾക്കുപരിയായി ഈയൊരു ഭീഷണി ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതല്ല?
തീർച്ചയായും. നെറ്റ് സീറോ എന്ന ലക്ഷ്യം ആർജിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരന്റെയുമാണ്. വ്യക്തിഗത തിരഞ്ഞെടുപ്പാണ് ഇവിടെ പ്രധാനം. ഗ്ലാസ്ഗോയിൽ എല്ലാ പ്രതിനിധികൾക്കും വാഹനഗതാഗതം സൗജന്യമാണെങ്കിലും എങ്ങനെ യാത്ര ചെയ്യണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അതുപോലെ തന്നെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന തീരുമാനം അധികാരികൾക്ക് കൈകൊള്ളാം. ചർച്ചകൾ ആരംഭിച്ച ശേഷം പ്രവൃത്തി ഉണ്ടാവുന്നില്ലെങ്കിൽ നിരാശയാവും ഫലം. ഇന്ത്യയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇന്ത്യക്കാരുടെ പ്രതികരണശേഷി കുറയുന്നതായി തോന്നുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിക്കുന്നത് ഇന്ത്യയിലെ പതിവ് കാഴ്ചയായി മാറികഴിഞ്ഞു. State of India’s Environment (SoE) ന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിദിനം 28 കർഷക ആത്മഹത്യകൾ നടക്കുന്നുണ്ട്. 2018ലും 2019ലും 5000ത്തിലേറെ മരണങ്ങൾ. മഹാരാഷ്ട്രയിൽ ഈ വർഷം ജൂണിനും ഒക്ടോബറിനും ഇടയിൽ ഉണ്ടായ മിന്നൽപ്രളയം 13.59 മില്യൺ ഏക്കർ കൃഷിയാണ് ഇല്ലാതാക്കിയത്. ഇത്തരം കാലാവസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതുപോലെ സ്വയം മാറാനും തയ്യാറാകണം.
❓ഗ്ലാസ്ഗോ സമ്മേളന വേദിയ്ക്ക് സമീപം പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കാണാൻ കഴിയും. നിലവിലെ പ്രവർത്തനങ്ങൾക്കപ്പുറം കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ പ്രതിഷേധങ്ങൾ എത്രമാത്രം പ്രസക്തമാണ്?
സമ്മേളന വേദിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളിലാണ് കൂടുതൽ പ്രവർത്തനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഒരു ലക്ഷത്തിലേറെ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു. അവർ റോഡിലുന്നയിക്കുന്ന ഒരുപാട് ശക്തമായ കാര്യങ്ങളുണ്ട്. അതുപോലെ അവരുടെ പ്രതിനിധികൾ സന്നദ്ധസംഘടനകളുടെ രൂപത്തിൽ ഉച്ചകോടിയിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.
❓ഉച്ചകോടിയിൽ ചർച്ച ചെയ്ത്, തീരുമാനങ്ങൾ കൈകൊണ്ട് ലോകനേതാക്കൾ മടങ്ങിയാൽ ഈ പദ്ധതികൾ എത്രത്തോളം യാഥാർഥ്യമായി വരും എന്ന ഭയം എല്ലാവർക്കുമുണ്ട്. ഇതിനെ എങ്ങനെ നോക്കികാണുന്നു?
അത്തരമൊരു ഭയമുണ്ടെങ്കിലും ചർച്ചകളിലെ നല്ല വശങ്ങളെ നാം പരിഗണിക്കേണ്ടതുണ്ട്. ലോക നേതാക്കൾ വന്ന് ചർച്ചകൾ നടത്തി രണ്ടാം ദിവസം മടങ്ങുന്നു. ബാക്കിയുള്ള ദിനങ്ങളിലാണ് പ്രധാനപ്പെട്ട, വിപുലമായ ചർച്ചകൾ നടക്കുന്നത്. ആളുകൾ ചോദ്യമുന്നയിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളുടെ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വികസിത രാജ്യങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റം ഇവിടെ പ്രകടമാണ്. ആദിവാസി സമൂഹം, തീരദേശ നിവാസികൾ പോലെ ഭീഷണി നേരിടുന്നവരെ സഹായിക്കാൻ സാമ്പത്തിക സഹകരണം ഉണ്ടാകുന്നു. 151 രാജ്യങ്ങൾ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോപ്26 ൽ സമർപ്പിച്ചു. എട്ട് രാജ്യങ്ങൾ സമർപ്പിക്കാമെന്ന് സന്നദ്ധത അറിയിച്ചു. 2050ഓടെ 90 ശതമാനം ആഗോള ഉദ്വമനം കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. കൽക്കരി ഉപയോഗം നിർത്തലാക്കുമെന്ന് 42 രാജ്യങ്ങൾ അറിയിച്ചു. ‘ഗ്രീൻ ജോബ്സ് &ഗ്രീൻ ഗ്രോത്ത്’ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്. സർക്കാരുകൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത് തന്നെ പ്രചോദനം ആവുന്നുണ്ട്.
❓അതുപോലെ ഫണ്ടിങ്ങും ഒരു പ്രശ്നമായി നിലകൊള്ളുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോള പദ്ധതികൾക്ക് പണം ആര് മുടക്കും എന്നതൊരു ചോദ്യമാണ്. വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പണം ദ്വീപ് രാജ്യങ്ങളിൽ എത്തുന്നില്ലെന്ന വാദം നേതാക്കൾ ഉയർത്തി കഴിഞ്ഞു. ഇതൊരു പ്രതിസന്ധിയായി മാറുകയല്ലേ?
ആഗോള പ്രതിസന്ധി പരിഗണിക്കുമ്പോൾ സാമ്പത്തിക സഹായം കുറവാണെന്ന വാദം കോപ്26ൽ ഉയരുന്നുണ്ട്. വികസിത രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണെന്ന വാദം ഉയർന്നുകേട്ടു. പലരും തങ്ങളുടെ ബിസിനസിന് കൂടുതൽ പ്രചാരണം ലഭിക്കുന്ന രീതിയിലാവും സാമ്പത്തിക സഹായം നൽകുന്നത്. ഇത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. നിലനിൽപ്പ് ഭീഷണി നേരിടുന്ന ചെറുരാജ്യങ്ങളുടെ കൂട്ടായ്മയായ സ്‌മോൾ ഐലൻഡ് ഡെവലപിങ് സ്‌റ്റേറ്റ്സ്, കടൽക്ഷോഭം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയവ ചെറുക്കുന്ന നിർമാണ പദ്ധതിക്ക് നവംബർ 2 തുടക്കമിട്ടിരുന്നു. ഇതിന് പണവും സാങ്കേതികവിദ്യയും നൽകുന്നത് യുകെ ആണ്. എന്നാൽ ചെറുരാജ്യങ്ങളുടെ ശബ്ദം അധികം ഉയർന്നു കേൾക്കുന്നില്ല. ഔദ്യോഗിക കണക്കുകൾ അനുസരച്ച് ബംഗ്ലാദേശിലെ തീരപ്രദേശങ്ങളുടെ 28 % സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണി നേരിടുകയാണ്. 2050ഓടെ 11% കര ഇല്ലാതാവുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇത് 150 ലക്ഷം ജനങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവും. ദുർബല സമൂഹങ്ങളെ താങ്ങേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ചെറുരാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കണം. ഒപ്പം സമ്പന്ന രാജ്യങ്ങൾ നൽകുന്ന ഉറപ്പ് അവർ പാലിക്കുകയും വേണം.
❓കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെക്കുറിച്ച്?
ഈ പ്രശ്നത്തിൽ മതവിഭാഗങ്ങൾക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയും. എന്നാൽ ശക്തമായ പ്രവർത്തനങ്ങളും പങ്കാളിത്തവും ഉണ്ടാവുന്നില്ലെന്നത് ഖേദകരമാണ്. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ എഴുതിയ ‘ലൗദാത്തോസി’ (ദൈവമേ അങ്ങേയ്ക്കു സ്തുതി) എന്ന പരിസ്ഥിതി ലിഖിതം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നതെന്ന ചോദ്യം ഈ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാൻ മതങ്ങൾക്ക് കഴിയും. എന്നാൽ ഇത്തരം അടിയന്തിര പ്രാധാന്യമുള്ള ചർച്ചകളിൽ അവരുടെ പങ്കാളിത്തം ശക്തമാകണം.
❓കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന മലയാളിയെന്ന നിലയിൽ ആഗോള മലയാളി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?
ആദ്യമേ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന യുകെയ്ക്ക് നന്ദി അറിയിക്കുന്നു. ഒരു മാതൃകയെന്നോണം ആളുകൾ യുകെയെ ഉറ്റുനോക്കുന്നു. വാക്കുകൾക്കുപരിയായി അവർ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കൽക്കരിയുടെ ഉപയോഗം കുറച്ച് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയിലേക്ക് അവർ മാറുന്നു.
കോപ്26 എന്നാൽ ഞാനും നീയുമാണ്. നമ്മൾ, മനുഷ്യർക്കിടയിൽ സഹകരണ മനോഭാവം ഉണ്ടാവണം. ഭൂമിയെ സംരക്ഷിക്കാനുള്ള തീരുമാനം നമ്മൾ കൈക്കൊള്ളണം. സ്വയം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാറാൻ കഴിയണം. വരും തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ ഭൂമി. ഭരണനേതൃത്വത്തോടും സമൂഹത്തോടും ചോദ്യങ്ങൾ ഉന്നയിക്കണം. “വ്യക്തിഗത പ്രവർത്തനങ്ങളാണ് കൂട്ടായ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുക.”
Leave a Reply