ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി മക്‌ഡൊണാള്‍ഡ്‌സ് സജ്ജീകരിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീനുകളില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലണ്ടനിലും ബര്‍മിംഗ്ഹാമിലുമുള്ള എട്ട് സ്‌റ്റോറുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. ഇവിടങ്ങളിലെ എല്ലാ സ്‌ക്രീനുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ മിക്കവാറും എല്ലാ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റുകളിലും സ്ഥാപിച്ചിരിക്കുന്ന ഈ സ്‌ക്രീനുകളിലൂടെയാണ് ജനങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. മനുഷ്യ മലത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ സ്‌ക്രീനുകള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ദിവസങ്ങളോളം തുടരുമെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി സീനിയര്‍ ലെക്ചറര്‍ ഡോ.പോള്‍ മറ്റവീല്‍ പറഞ്ഞു.
ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സും metro.co.ukയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തായത്. ടച്ച്‌സ്‌ക്രീന്‍ മെഷീനുകളില്‍ കണ്ടെത്തിയ മനുഷ്യ വിസര്‍ജ്യത്തിന്റെയും കോളിഫോം ബാക്ടീരിയയുടെയും അളവ് അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതില്‍ നിന്നുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ നിങ്ങളെ ആശുപത്രിയില്‍ കയറ്റിയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെയും മറ്റു സസ്തനികഴളടെയും കുടലില്‍ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് എന്ററോകോക്കസ് ഫീസാലിസ്. എന്നാല്‍ അണുബാധകള്‍ക്ക് ഏറ്റവും വലിയ കാരണക്കാരനെന്ന കുപ്രസിദ്ധിയും ഇതിനുണ്ട്. ഈ ബാക്ടീരിയയെയും ടച്ച്‌സ്‌ക്രീനുകളില്‍ കണ്ടെത്തി.
സ്റ്റഫൈലോകോക്കസ് എന്ന അപകടകാരിയായ മറ്റൊരു ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ വിഷാംശം കലര്‍ത്തുകയും ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ഉണ്ടാക്കുകയും ചെയ്യുന്ന ബാക്ടീരിയയാണ് ഇത്. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ചുവെന്ന് സംശയിക്കപ്പെടുന്ന ബാക്ടീരിയ കൂടിയാണ് ഇത്. ഗര്‍ഭച്ഛിദ്രത്തിന് കാരണമായേക്കാവുന്ന ലിസ്റ്റീരിയ ബാക്ടീരിയയുടെയും മനുഷ്യ വിസര്‍ജ്യത്തിലുള്ള മറ്റൊരു ബാക്ടീരിയയായ പ്രോട്ടിയസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ക്രീനുകള്‍ ശരിയായി വൃത്തിയാക്കാത്തതിനെതിരെ ശക്തമായ വിമര്‍ശനം ഇതോടെ മക്‌ഡൊണാള്‍ഡ്‌സിനെതിരെ ഉയരുകയാണ്. അതേസമയം തങ്ങളുടെ ഓര്‍ഡര്‍ സ്‌ക്രീനുകള്‍ യഥാസമയം വൃത്തിയാക്കാറുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കൈ കഴുകാനുള്ള സൗകര്യം എല്ലാ റെസ്‌റ്റോറന്റുകളിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മക്‌ഡൊണാള്‍ഡ്‌സ് വക്താവ് പറഞ്ഞു.
Leave a Reply