ദൃശ്യം സിനിമയില്‍ തെളിവ് നശിപ്പിക്കാന്‍ ജോര്‍ജുകുട്ടി കണ്ടെത്തിയ വഴികളിലൊന്നാണ് മൊബൈല്‍ ഫോണ്‍ ലോറിയിലേക്ക് എറിയുക. അന്വേഷണം വഴി തെറ്റിക്കാൻ ലോറിക്കൊപ്പം മൊബൈലും പോകുമ്പോള്‍ മൊബൈല്‍ ടവര്‍ നോക്കി പൊലീസിന് വഴിതെറ്റും…

ഈ തന്ത്രമാണ് റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയും ഒളിവില്‍ കഴിയാന്‍ പയറ്റിയത്. മൂന്ന് ആഴ്ചയോളം ഈ തന്ത്രത്തിലൂടെ പൊലീസിനെ വട്ടംചുറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ മറുതന്ത്രം പയറ്റിയ പൊലീസ് അപ്പുണ്ണിയെ ഒളിയിടത്തില്‍ നിന്ന് കേരളത്തിലേക്ക് വിളിച്ച് വരുത്തി അറസ്റ്റും ചെയ്തു. അങ്ങിനെ സിനിമാക്കഥയേക്കാള്‍ കൗതുകം നിറഞ്ഞതാണ് അപ്പുണ്ണിയുടെ ഒളിവ് ജീവിതവും പൊലീസിന്റെ അന്വേഷണവും..

രാജേഷിനെ കൊന്ന ശേഷം അപ്പുണ്ണി നേരേ പോയത് ചെന്നൈയിലേക്ക്. കയ്യില്‍ പണമൊന്നുമുണ്ടായിരുന്നില്ല. ഇതോടെ നർത്തകിയുടെ മുൻ ഭർത്താവും വ്യവസായിയുമായ സത്താറിനെ വിളിച്ചു. അമ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് ഇട്ട് നല്‍കി. അതോടെ ഒളിവിടം മാറിമാറിയുള്ള യാത്ര തുടങ്ങി. പിന്നീടെത്തിയത് വിഴിപ്പുറത്ത്. പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചതായി പത്രവാര്‍ത്തകളില്‍ നിന്ന് മനസിലായി. ഇതോടെ ദൃശ്യം മോഡല്‍ തന്ത്രം പ്രയോഗിച്ച് തുടങ്ങി. വിഴിപ്പുറത്ത് വച്ച് സ്വന്തം ഫോണില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചു. തൊട്ടുപിന്നാലെ മൊബൈല്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉപേക്ഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൈബര്‍ സെല്‍ ഈ സമയം അപ്പുണ്ണിയുടെ ഫോണ്‍ നിരീക്ഷിക്കുകയായിരുന്നു. വിഴിപ്പുറത്ത് നിന്ന് ഫോണ്‍ വിളിച്ചതോടെ അപ്പുണ്ണി അവിടെയുള്ളതായി പൊലീസ് കരുതി. അന്വേഷണസംഘം അവിടേക്ക് പാഞ്ഞെത്തി. എന്നാല്‍ മൊബൈല്‍ ലോറിയില്‍ ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ അപ്പുണ്ണി പുതുച്ചേരിയിലേക്ക് കടന്നിരുന്നു. അങ്ങിനെ പൊലീസ് വിഴിപ്പുറത്ത് തിരയുമ്പോള്‍ അപ്പുണ്ണി സുഖമായി പുതുച്ചേരിയില്‍. ഇങ്ങിനെ കൊടൈക്കനായിലും മധുരയിലുമെല്ലാം അപ്പുണ്ണി ദൃശ്യം വിദ്യ പ്രയോഗിച്ച് പൊലീസിന് വട്ടംചുറ്റിച്ചു.

രണ്ടാഴ്ച കഴിഞ്ഞതോടെ പൊലീസ് ഈ തന്ത്രം തിരിച്ചറിഞ്ഞു. ഒടുവില്‍ പൊലീസ് മറുതന്ത്രം പയറ്റി. കൊച്ചി കാക്കനാട്ടിലെ ഒരു സ്ത്രീയുമായി അപ്പുണ്ണിക്ക് അടുപ്പമുള്ളതായി പൊലീസിന് മനസിലായി. ഇവരെ വിളിക്കാറുണ്ടെന്നും കണ്ടെത്തി. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് അപ്പുണ്ണിയെ വിളിപ്പിച്ചു. പലതവണ സ്നേഹപൂര്‍വം വിളിച്ച് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഒരു രാത്രി വന്ന് മടങ്ങിപോകാമെന്ന് അപ്പുണ്ണി തീരുമാനിച്ചു. ഇത് അനുസരിച്ച് അപ്പുണ്ണി വരുന്ന വഴിയില്‍ കാത്ത് നിന്ന പൊലീസ് അപ്പുണ്ണിയെ കയ്യോടെ പിടികൂടി. അങ്ങിനെ ദൃശ്യം വിദ്യയില്‍ വട്ടം കറക്കിയ അപ്പുണ്ണിയെ പെണ്‍വിദ്യകൊണ്ട് പൊലീസ് കുടുക്കി.