അപ്പച്ചൻ കണ്ണഞ്ചിറ

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവാസി സംഘടനകളായ ഒഐസിസിയും, ഐഒസി യും യു കെയിൽ ഔദ്യോഗികമായി ലയിച്ചു. ഇന്ന് നടന്ന ഓൺലൈൻ ‘സും’ മീറ്റിംഗിൽ ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോദയാണ് ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. ഐഒസി യുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും, ക്യാബിനറ്റ് റാങ്കിലുള്ള കർണാടക എൻ ആർ ഐ ഫോറം വൈസ് ചെയർപേഴ്‌സണനുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ ഒഐസിസി – ഐഒസി ലയന പ്രഖ്യാപന വേദിയിൽ പങ്കു ചേർന്നു.

ലയന പ്രഖ്യാപനത്തോടൊപ്പം സംഘടനയുടെ അദ്ധ്യക്ഷരായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, ശ്രീ. സുജു കെ ഡാനിയേൽ എന്നിവരുടെ നിയമനവും, തഥവസരത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ്സ് പ്രവാസി സംഘടനയായ യു കെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇതോടെ ഷൈനുവും, സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി മുൻ അധ്യക്ഷയും, യു കെയിലെ സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ മേഖലകളിൽ നിറസാനിധ്യവും, സംരംഭകയുയമാണ് ഷൈനു ക്ലെയർ മാത്യൂസ്. ഐ ഒ സി (യു കെ) കേരള ചാപ്റ്ററിന്റെ നിലവിലെ അധ്യക്ഷനും, മികച്ച സംഘാടകനുമാണ്‌ സുജു കെ ഡാനിയേൽ. പരിചയ സമ്പന്നരായ ഇരുവരുടെയും നേതൃത്വത്തിൽ ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായും, കരുത്തോടും കൂടി മുന്നേറുമെന്നാണ് യു കെ യിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ, ഒപ്പം ഗ്ലോബൽ നേതാക്കളുടെയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരു സംഘടനകളുടെ ലയനത്തോടെ യു കെ യിലെ പ്രവാസ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ സാന്നിധ്യാമാകാൻ ഐ ഓ സിക്ക് സാധിക്കും. പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഒരു ഏകോപിത മുഖം നൽകുക എന്ന ലക്ഷ്യത്തോടെ, ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ, ഒ ഐ സി സി ഉൾപ്പെടെയുള്ള സംഘടനകളെ ഐഒ സിയിൽ ലയിപ്പിച്ച്, കോൺഗ്രസ് പാർട്ടി അനുകൂല പ്രവാസി സംഘടനാ പ്രവർത്തനം, ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും, കൂടുതൽ കാര്യക്ഷമവും ഊർജ്‌ജസ്വലമാക്കുന്നതിനും ഈ നീക്കം കൊണ്ട് സാധിക്കും. ഇതു സംബന്ധിച്ച മാർഗ്ഗനിർദേശം എ ഐ സി സിയുടെ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാൽ നേരത്തെ നൽകിയിരുന്നു.

ഒ ഐ സി സിക്ക് ശക്തമായ വേരോട്ടവും പ്രവർത്തക സാന്നിധ്യവുമുള്ള യു കെയിൽ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐ ഓ സി (യു എസ്) ചെയർമാൻ ജോർജ് എബ്രഹാം, ഐ ഒ സി (സ്വിറ്റ്സർലാൻഡ്) പ്രസിഡന്റ്‌ ജോയ് കൊച്ചാട്ട്, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ തുടങ്ങിയ മുതിർന്ന നേതാക്കന്മാരെ ഉൾപ്പെടുത്തി ഒരു മൂന്നംഗ കോർഡിനേഷൻ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു. ഇരു സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ എന്നിവരുമായും കോർഡിനേഷൻ കമ്മിറ്റിയുടെ നിരവധി തുടർ ചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷം ഐ ഒ സി ചെയർമാൻ സാം പിത്രോദക്ക് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ലയന പ്രഖ്യാപനവും പ്രസിഡണ്ടുമാരുടെ നിയമനവും.

‘സൂം’ മീറ്റിംഗിൽ യു കെ യിൽ നിന്നും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കുചേർന്നിരുന്നു.
ആമുഖ പ്രസംഗത്തിൽ സാം പിത്രോദ രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും, തുറന്ന മനസ്സും ഐക്യവും ഉണ്ടാവണമെന്ന് പറഞ്ഞു. സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും തീർത്തും അനുയോജ്യമല്ലെന്നും എടുത്തു പറഞ്ഞു.

ഐഒസി ഗ്ലോബൽ സമിതി നവ നേതൃത്വത്തിന് വിജയാശംസകൾ നേർന്നു.