ഐ ഒ സി ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണാഘോഷം
പ്രൗഢഗംഭീരമായി. സെപ്റ്റംബർ 13 – ന് ഇപ്സ്വിച്ചിലെ നോർവിച്ച് റോഡിലുള്ള സെന്റ് മേരീസ് മഗ്‌ദലാൻ ചർച്ച് ഹാളിൽ ഉച്ചയ്ക്ക് 12 മണിയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി.
യൂണിറ്റിലെ കർമ്മനിരതരായ അംഗങ്ങങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ സ്റ്റേജും, പൂക്കളവും അടങ്ങുന്ന മനോഹരമായി അലങ്കരിച്ച ഹാളിലേക്ക് ചെണ്ടമേളങ്ങളുടെയും,താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. മാവേലിയോടൊപ്പം ഐ ഒ സി നാഷണൽ പ്രസിഡന്റ് (കേരള ചാപ്റ്റർ )ശ്രീ സുജു കെ ഡാനിയേൽ അടക്കമുള്ള നിരവധി നാഷണൽ നേതാക്കൾ സന്നിഹിതരായിരുന്നു.
മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ച ശേഷം, ഇപ്സ്വിച്ച് യൂണിറ്റ് മുൻ പ്രസിഡന്റ്റും നാഷണൽ കമ്മിറ്റി അംഗവുമായ ശ്രീ കെ ജി.ജയരാജ് ഐ ഒ സി ഓണാഘോഷത്തെ കുറിച്ചും ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തെ കുറിച്ചും ആമുഖമായി സംസാരിച്ചു.
തുടർന്നു റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ സെക്രട്ടറി അഡ്വക്കേറ്റ് സി. പി .സൈജേഷ് സ്വാഗതമരുളി.
അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഐ ഒ സി യു കെ നാഷണൽ പ്രസിഡന്റ് (കേരള ചാപ്റ്റർ)ശ്രീ സുജു . കെ.ഡാനിയേൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്നു ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട, ഭാരവാഹികളിലൊരാളായ ജിനീഷ് ലൂക്കാ എല്ലാവർക്കും ഓണാശംസകൾ നേർന്നു.
സാംസ്കാരിക സമ്മേളനത്തിനും ശേഷമുള്ള മിഴിവാർന്ന തിരുവാതിരയ്ക്കും ശേഷം ഇപ്സ്വിച്ച് റീജിയൺ സ്ഥാപക പ്രസിഡന്റ് ശ്രീ ജയരാജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യ 200 ഓളം ആളുകൾ അസ്വദിച്ചു. തുടർന്നു യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി.
പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാഫിൾ വിൽപ്പനയും നറുക്കെടുപ്പും പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു. യോഗത്തിന്റെ മുഖ്യാഥിതിയായി പങ്കെടുത്ത യുക്മാ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് ഐബി സെബാസ്റ്റ്യൻ ഏവർക്കും ഓണസന്ദേശം നൽകി.
Leave a Reply