ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം വളരെ പ്രതീക്ഷയോടെയാണ് ചൂടുപിടിച്ചത്. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും കോടിക്കണക്കിന് രൂപയ്ക്കാണ് താരലേലത്തില്‍ വിറ്റുപോയത്. എന്നാല്‍ ഒരു ദിവസത്തെ ലേലം അവസാനിക്കാറാകുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ ആരും വാങ്ങിയില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലാണ് ഇവരില്‍ ഏറ്റവും ശ്രദ്ധേയന്‍. കഴിഞ്ഞ ഐപിഎല്‍ സീസണുകളില്‍ ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്നു ക്രിസ് ഗെയില്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലിഗിലും വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ച ഗെയില്‍ അടുത്തിടെ വിന്‍ഡീസ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളി തുടങ്ങിയ ഗെയില്‍ പിന്നീട് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലേക്ക് മാറി. ഇതിനുശേഷമാണ് ഗെയില്‍ ഐപിഎല്ലിലെ വെടിക്കെട്ട് വീരനായത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങിയില്ലെങ്കിലും ഗെയില്‍ ആരാധകര്‍ നിരാശരവേണ്ട. നാളെ നടക്കുന്ന ലേലത്തില്‍ കൂിട ഗെയിലിനെ ആരും സ്വന്തമാക്കിയില്ലെങ്കില്‍ ബംഗളൂരുവിന് ഗെയിലിനെ നിലനിര്‍ത്താന്‍ അവസരമുണ്ട്.
ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്, ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല, ഇംഗ്ലീഷ് താരം ജോ റൂട്ട്, ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവരെയും ആരും സ്വന്തമാക്കാന്‍ തയ്യാറായില്ല.
ഇവരില്‍ ഗെയില്‍ ഒഴികെയുള്ളവര്‍ ട്വന്റി-20ക്ക് അനുയോജ്യരല്ലെന്ന വിലയിരുത്തലിലാണ് ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ തയ്യാറാകാതിരുന്നതെന്നാണ് സൂചന. അതേസമയം ഇവര്‍ക്കായി നാളെ ഒരു അവസരം കൂടി ഉണ്ടാകും.
ഒപ്പം ലസിത് മലിംഗ, മിച്ചല്‍ ജോണ്‍സണ്‍, ജോഷ് ഹേസല്‍വുഡ്, ഇഷാന്ത് ശര്‍മ്മ, ടിം സൗത്തി, മിച്ചല്‍ മക്ലീഗന്‍, തുടങ്ങിയ പ്രമുഖ താരങ്ങളെയും ലേലത്തില്‍ വിറ്റുപോയില്ല. ഒരു കോടി അടിസ്ഥാനവിലയുണ്ടായിരുന്ന ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സിനെയും ലേലത്തില്‍ ആരും വാങ്ങിയില്ല.
Leave a Reply