ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : അവധിക്കാലത്തിന്‌ ശേഷം മടങ്ങിയെത്തിയ ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്തത് ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ വധവും യുഎസ് – ഇറാൻ സംഘർഷങ്ങളും. സുലൈമാനിയുടെ കൈകളിൽ ബ്രിട്ടീഷ് സൈനികരുടെ രക്തവും പുരണ്ടിട്ടുണ്ടായിരുന്നുവെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. നിരപരാധികളായ സൈനികർക്കെതിരായ ആക്രമണത്തിന് ഇറാൻ സൈനിക ജനറലും ഉത്തരവാദിയാണെന്ന് അദ്ദേഹം കോമൺസിനോട് പറഞ്ഞു. തീവ്രവാദികൾക്ക് മെച്ചപ്പെട്ട സ്ഫോടകവസ്തുക്കൾ സുലൈമാനി നൽകിയിട്ടുണ്ടെന്നും അത് ബ്രിട്ടീഷ് സൈനികരെ കൊന്നൊടുക്കിയതായും ജോൺസൺ പറഞ്ഞു. നേരത്തെ ഇറാഖ് വ്യോമ താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് ശേഷം “അശ്രദ്ധമായ” ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട വെള്ളിയാഴ്ചത്തെ ഡ്രോൺ ആക്രമണത്തിന്റെ നിയമസാധുതയെ ലേബർ നേതാവ് ജെറമി കോർബിൻ ചോദ്യം ചെയ്തു.

 

അതേസമയം, ഇന്നലെ ലോകം ഉണർന്നത് രണ്ടു ദുരന്തവാർത്തകൾ കേട്ടുകൊണ്ടാണ്. ഒന്ന് ഇറാന്റെ പ്രത്യാക്രമണവും രണ്ട്, ഇറാൻ വിമാനാപകടവും. ഖാ​സിം സു​ലൈ​മാ​നിയെ അമേരിക്ക ഡോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ശക്തമായ തിരിച്ചടി ഇന്നലെ നൽകുകയുണ്ടായി. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ ഇറാന്‍ മിസൈൽ ആക്രമണം നടത്തി. 80 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആളപായമില്ലെന്നാണ് ഇറാഖ് അറിയിച്ചത്. പ്രാദേശിക സമയം പുലർച്ചെ അഞ്ചരക്കും ആറരക്കും ഇടയിലാണ് ആക്രമണങ്ങൾ നടന്നത്. സുലൈമാനിയുടെ മൃദദേഹം കബറടക്കി രണ്ടു മണിക്കൂറിനകമാണ് അമേരിക്കക്കെതിരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുക്രെയ്ൻ യാത്രാവിമാനം ഇറാനിലെ ടെഹ്റാനിൽ തകർന്നു വീണ് 176 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്നു ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു. ബിപി എഞ്ചിനീയർ സാം സോകെയ്, ലയിംഗ് ഓ റൂർക്ക് എഞ്ചിനീയർ സയീദ് തഹ്മാസെബി എന്നീ ബ്രിട്ടീഷ് പൗരന്മാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാനിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് യുകെ വിദേശകാര്യ വക്താവ് പറഞ്ഞു. എത്ര ബ്രിട്ടീഷ് പൗരന്മാർ വിമാനത്തിലുണ്ടെന്നത് സംബന്ധിച്ച് അടിയന്തിരമായി സ്ഥിരീകരണം തേടുകയാണെന്നും ദുഃഖാർത്ഥരായ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. ബാക്കിയുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ഇറാനിൽ നിന്നുള്ളവരും കാനഡയിൽ നിന്നുള്ളവരും ആയിരുന്നു. യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ വിമാനം ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് തകർന്നത്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണ് നിഗമനം. പ്രാദേശിക സമയം 6:12ന് പുറപ്പെട്ട ബോയിങ് 737-800 ജെറ്റ് വിമാനമാണ് പറന്നുയർന്ന ഉടനെ ടെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിൽ തകർന്നുവീണത്.

ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയായാണ് യുഎസ് – ഇറാൻ സംഘർഷം കനക്കുന്നത്. യുഎസ് – ഇറാൻ പോർവിളി യുദ്ധത്തിലേക്കു പോകരുതെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അമേരിക്കൻ വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിൽ ന്യൂഡൽഹിയിലെ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധം നടന്നു. ഓരോ ദിനവും യുദ്ധഭീതിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.