ടെഹ്റാൻ: ബ്രിട്ടീഷ് നാവികസേന ജിബ്രാൾട്ടർ കടലിടുക്കിൽ കസ്റ്റഡിയിലെടുത്ത എണ്ണക്കപ്പലിൽ തങ്ങളുടേതാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. കപ്പൽ ഉടൻ വിട്ടയച്ചില്ലെങ്കിൽ ബ്രിട്ടന്റെ എണ്ണക്കപ്പൽ പിടിക്കുമെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ്സിന്റെ കമാൻഡർ മൊഹ്സന്‍ റേസായി ട്വിറ്ററിൽ മുന്നറിയിപ്പു നല്കി.
ഇതിനിടെ, കപ്പലിലെ 28 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് ജിബ്രാൾട്ടർ അധികൃതർ അറിയിച്ചു. പാക്കിസ്ഥാൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉണ്ട്. ജീവനക്കാരെ സാക്ഷികളായിട്ടാണു പരിഗണിക്കുന്നതെന്നും ക്രിമിനൽ പ്രതികളായിട്ടല്ലെന്നും വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുവെന്നു സംശയിച്ചാണ് ഗ്രേസ് വൺ എന്ന സൂപ്പർ ടാങ്കർ പിടികൂടിയത്. ബ്രിട്ടീഷ് മറീനുകൾ ഹെലികോപ്റ്ററിൽ ടാങ്കറിൽ ഇറങ്ങി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കപ്പലിന്റെ ഉറവിടം വ്യക്തമാക്കിയിരുന്നില്ല. ഇറാൻ ഇന്നലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇതോടെ കപ്പൽ ഇറാന്റേതാണെന്നു സ്ഥിരീകരിക്കപ്പെട്ടു.
യുഎസിന്റെ നിർദേശപ്രകാരമാണ് ബ്രിട്ടീഷ് മറീനുകളും ജിബ്രാൾട്ടർ അധികൃതരും ചേർന്ന് എണ്ണക്കപ്പൽ പിടികൂടിയതെന്ന് സ്പാനിഷ് അധികൃതർ സൂചിപ്പിച്ചു. ജിബ്രാൾട്ടറിന്‍മേലുള്ള യുകെയുടെ അവകാശവാദം സ്പെയിൻ അംഗീകരിക്കുന്നില്ല. മേഖലയിലെ തങ്ങളുടെ പരമാധികാരം ലംഘിച്ചാണ് ബ്രിട്ടീഷ് മറീനുകൾ കപ്പൽ പിടിച്ചതെന്നും അവർ ആരോപിച്ചു.
Leave a Reply