ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവർ കപ്പലിൽ നിന്നിറങ്ങി.
ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply