മലയാളം യുകെ ന്യൂസ് ബ്യുറോ

ബ്രിട്ടീഷ് വാണിജ്യ എണ്ണ ടാങ്കറുകളെ സംരക്ഷിക്കുന്നതിനായി ബ്രിട്ടൻ തങ്ങളുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഗൾഫിലേക്ക് അയക്കുന്നു. ഗൾഫിൽ സൈനിക സാനിധ്യം ശക്തമാക്കാൻ വേണ്ടിയാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള തർക്കം നിലനിൽക്കവെയാണ് ഇങ്ങനൊരു തീരുമാനം. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ടൈപ്പ് 45 ഡിസ്ട്രോയെർ ആയ എച്ച്എംഎസ് ഡങ്കനാണ് ബ്രിട്ടൻ അയക്കുന്നത്. ഇത് റോയൽ നേവിയുടെ യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്രോസിന്റെ കൂടെ പ്രവർത്തനം ആരംഭിക്കും. ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്ക് നേരെ നടന്ന രണ്ട് സെറ്റ് ആക്രമണങ്ങളുടെ വെളിച്ചത്തിൽ, യുഎസുമായി ചർച്ച ചെയ്ത് ഗൾഫ് മേഖലയിലെ സൈനിക സാനിധ്യം ശക്തമാക്കാനാണ് തീരുമാനമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു.

കഴിഞ്ഞാഴ്ച ഇറാനിയൻ കപ്പലായ ഗ്രേസ് 1 ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. അത് ശരിയായ നടപടി ആയിരുന്നില്ല എന്ന് ടെഹ്‌റാൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണങ്ങൾ ഉണ്ടായത്. 8 യുദ്ധക്കപ്പലുകൾ മാത്രമേ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുള്ളൂ എന്ന് നേവൽ കമാൻഡർ അഡ്മിറൽ ലോർഡ് വെസ്റ്റ് മുന്നറിയിപ്പ് നൽകി.പ്രധാനമന്ത്രി സ്ഥാനാർഥി ജെറമി ഹണ്ടും ഈ ഭീതി പ്രകടിപ്പിച്ചു. ” ബ്രിട്ടീഷ് നേവിയെ സംരക്ഷിക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇറാനുമായുള്ള പ്രതിസന്ധി രൂക്ഷമാക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നില്ല. എന്നാൽ ഈ ഒരു സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാൻ വ്യക്തമായ വഴിയിലൂടെയാണ്‌ ഞങ്ങൾ മുന്നേറുന്നത്” . ജെറമി ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ നിന്നും ഗൾഫിലേക്ക് ദിവസേന 15 ഓളം ടാങ്കറുകൾ പോകുന്നു. ഇവയെല്ലാം സംരക്ഷിക്കുക എന്നത് അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എച്ച്എംഎസ് ഡങ്കൻ ഗൾഫിലേക്ക് അയക്കുന്നതിലൂടെ തുടർച്ചയായ സമുദ്ര സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. യുകെയുടെയും മറ്റു അന്താരാഷ്ട്ര പങ്കാളികളുടെയും കപ്പലുകൾ എളുപ്പത്തിൽ കടന്നുപോകുവാനും ഇത് സഹായകരമാവും.

 

ഇറാൻ കപ്പലായ ഗ്രേസ് 1 ഗിൽബാൾടറിൽ പിടിച്ചെടുത്തതോടെയാണ് ബ്രിട്ടൻ – ഇറാൻ ബന്ധം പ്രതിസന്ധിയിലായത്. കപ്പൽ സിറിയയിലേക്കാണ് പോയതെന്ന ബ്രിട്ടന്റെ വാദം ടെഹ്‌റാൻ തള്ളുകയും ചെയ്തു. ഇത് ഒരുതരം കടൽകൊള്ളയാണെന്നും ടെഹ്റാനിലെ ബ്രിട്ടീഷ് അംബാസഡർ റോബർട്ട്‌ മക്കെയറിനെ നാല് തവണ ബ്രിട്ടൻ വിളിച്ചു വരുത്തിയെന്നും ഇറാൻ ആരോപിച്ചു. ഇതിനെതിരെ പ്രതികരിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞിരുന്നു. ഇന്നലെ സ്ട്രൈറ്റ് ഓഫ് ഹോർമുസിൽ വെച്ച് യുകെ ടാങ്കർ ഇറാനിയൻ കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത് . എന്നാൽ ടെഹ്‌റാൻ ഇത് പൂർണമായും നിഷേധിച്ചു. യുകെ ഉടൻ തന്നെ ഗ്രേസ് 1 കപ്പൽ വിട്ടയക്കണമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് മൗസവിയുടെ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് ഷിപ്പിംഗിന്റെ സുരക്ഷ യുകെ വർധിപ്പിച്ചിട്ടുണ്ട്. കപ്പലുകൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്.