സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ബ്രീട്ടീഷ് കപ്പല്‍ തടയാന്‍ ഇറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്റെ ശ്രമം വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ മൂന്ന് കപ്പലുകളാണ് ബ്രീട്ടീഷ് കപ്പലിനെ തടയാന്‍ ശ്രമിച്ചത്. ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന കപ്പലിനെ അനുഗമിച്ചിരുന്ന നാവിക സേന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നുവെന്ന് ബ്രിട്ടന്‍ പ്രസ്താനവയില്‍ പറഞ്ഞു.

‘ഇറാന്റെ പ്രവര്‍ത്തി ആശങ്ക ഉണ്ടാക്കുന്നതാണ്. മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ നടപടികള്‍ ഇറാന്‍ അധികൃതര്‍ സ്വീകരിക്കണം’ ബ്രിട്ടന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബ്രീട്ടീഷ് കപ്പലിനെ തടയാന്‍ ശ്രമിച്ചതെന്ന് നേരത്തെ അമേരിക്കന്‍ അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ റോയല്‍ നേവി മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇറാന്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പങ്കിടാന്‍ അമേരിക്ക തയ്യാറായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിറിയയിലേക്ക് പോകുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കര്‍ കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ തടഞ്ഞിരുന്നു. എന്നാല്‍ സിറിയയിലേക്കാണ് ഓയില്‍ ടാങ്കര്‍ പോയിരുന്നതെന്ന ആരോപണം ഇറാന്‍ അന്ന് നിഷേധിക്കുകയുണ്ടായി. ഇറാന്റെ കപ്പല്‍ തടഞ്ഞ ബ്രിട്ടന് തിരിച്ചടിയുണ്ടാകുമെന്നും ഭീഷണി മുഴക്കിയിരുന്നു.

2015 അമേരിക്ക ഇറാനുമായി ലോക രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് പിന്‍മാറിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാനെതിരെ ഉപരോധം അമേരിക്ക ശക്തമാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ യൂറേനിയം സമ്പുഷ്ടീകരണ പരിപാടി ഊര്‍ജ്ജിതമാക്കിയിരുന്നു.ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം സാമ്പത്തിക ഭീകരവാദമാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി കസീം ഗാരിബ് അബാദിയാണ് അമേരിക്കയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിയന്നയില്‍ നടക്കുന്ന ഐഎഇഎ-യുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ പല രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക സാമ്പത്തിക ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്ന്’ അദ്ദേഹം ആരോപിച്ചത്.

2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായി ഐഎഇഎ കണ്ടെത്തിയിരുന്നു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. ഈ കാരാറില് നിന്ന് അമേരിക്ക പിന്‍മാറിയതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇക്കാര്യത്തില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഇറാന്‍ ആണവ പരിപാടികള്‍ക്ക് പുനരാരംഭിച്ചിരുന്നു. എണ്ണ ഉത്പന്നങ്ങള്‍ അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് കയറ്റുമതി ചെയ്യാനുള്ള സഹായം ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങി ആണവ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ചെയ്തില്ലെന്നായിരുന്നു ഇറാന്റെ ആരോപണം.