ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നോർത്തേൺ അയർലണ്ടിനു മേൽ ബ്രിട്ടീഷ് സർക്കാർ നടത്തിയ നിയമനിർമ്മാണത്തിനെതിരെ പുതിയ നിയമ യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് അയർലൻഡ് ഗവൺമെന്റ്. നോർത്തേൺ അയർലണ്ടിലെ “പ്രശ്ന” കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾക്കുള്ള ഇൻക്വസ്റ്റുകളും സിവിൽ കേസുകളും ക്രിമിനൽ പ്രോസിക്യൂഷനുകളും നിർത്തിവയ്ക്കാനുള്ള ട്രബിൾസ് ലഗസി ആക്ടിനെതിരെയാണ് ഐറിഷ് സർക്കാർ പ്രതികരിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ പ്രകാരം യുകെയുടെ നിയമനിർമ്മാണത്തിനെതിരെ ഡബ്ലിൻ അന്തർ സംസ്ഥാന കേസ് ആരംഭിക്കുമെന്ന് അയർലണ്ടിലെ താവോയിസച്ച് ലിയോ വരദ് കർ ബുധനാഴ്ച വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1960-കളുടെ അവസാനം മുതൽ 1998-ലെ ദുഃഖവെള്ളി ഉടമ്പടി വരെ ഏകദേശം 30 വർഷം നീണ്ടുനിന്ന വടക്കൻ അയർലണ്ടിലെ ഒരു സംഘട്ടന കാലഘട്ടത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് “പ്രശ്‌ന” കാലഘട്ടമെന്നത്. ഡബ്ലിനിന്റെയും നോർത്തേൺ അയർലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് അവഗണിച്ച് യുകെയുടെ വിവാദമായ ട്രബിൾസ് ലെഗസി ആക്റ്റ് സെപ്റ്റംബറിലാണ് നിയമമായി മാറിയത്. ഈ നിയമത്തിലൂടെ പ്രശ്ന കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾക്ക് ഇനിയും പ്രോസിക്യൂഷൻ നേരിടുന്നവർക്ക് പൊതുമാപ്പ് നൽകാനുള്ള തീരുമാനമാണ് യുകെ സർക്കാർ കൈക്കൊണ്ടത്. എന്നാൽ ഇത് തികച്ചും നിയമവിരുദ്ധമാണെന്നും അന്നത്തെ അക്രമത്തെ അതിജീവിച്ചവരോടും ഇരകളോടും ഒപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചാണ് ഐറിഷ് സർക്കാർ ഈ നിയമത്തിനെതിരെ നീങ്ങിയിരിക്കുന്നത്.

30 വർഷം നോർത്തേൺ അയർലൻഡിൽ നീണ്ടുനിന്ന ഈ പോരാട്ടത്തിൽ 3,500-ലധികം ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘട്ടനവുമായി ബന്ധപ്പെട്ട എല്ലാ പുതിയ അന്വേഷണങ്ങളും സിവിൽ നടപടികളും പുതിയ നിയമനിർമ്മാണത്തോടെ അവസാനിപ്പിക്കാനാണ് യുകെ സർക്കാർ തീരുമാനിച്ചത്. ഐറിഷ് ഗവൺമെന്റിന്റെയും മറ്റുള്ളവരുടെയും ആശങ്കകൾക്കിടയിലും യുകെ ഗവൺമെന്റ് ഏകപക്ഷീയമായി നിയമനിർമ്മാണം പിന്തുടരുകയായിരുന്നുവെന്ന് ഐറിഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. കൗൺസിൽ ഓഫ് യൂറോപ്പിന്റെ മനുഷ്യാവകാശ കമ്മീഷണർ, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര നിരീക്ഷകരും ഈ നിയമനിർമ്മാണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രശ്നത്തിൽ അകപ്പെട്ട ഇരകളുടെ കുടുംബാംഗങ്ങളും പുതിയ നിയമനിർമ്മാണത്തിനെതിരെ നിയമ യുദ്ധത്തിന് നീങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ യുകെ സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണ് പുതിയ നിയമനിർമ്മാണം.