ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാരുടെ അഭിമാനം വാനോളം ഉയർത്തി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിംഗ് അവാർഡിൻറെ അവസാന റൗണ്ടിൽ ഒരു മലയാളി നേഴ്സ് എത്തി. മലയാളിയായ ജിൻസി ജെറിയാണ് മത്സരത്തിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് അവസാന റൗണ്ടിലെ പത്ത് മത്സരാർത്ഥികളിൽ ഒരാളായത്. ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കിൽ രണ്ടു കോടിയോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 227,800 യൂറോ ആണ് ഈ മലയാളി നേഴ്സിന് ലഭിക്കുന്നത്. നിലവിൽ മാറ്റർ ഹോസ്പിറ്റലിൽ നേഴ്സിംഗ് ഫോർ പ്രിവൻഷൻ സെൻററിൽ അസോസിയേറ്റീവ് ഡയറക്ടർ ഓഫ് നേഴ്സ് ആയി ജോലി നോക്കുകയാണ് ജിൻസി .
1861ൽ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സ്ഥാപിച്ച അയർലണ്ടിലെ ഡബ്ലിനിലെ പ്രശസ്തമായ മാറ്റർ ഹോസ്പിറ്റലിൽ മൂന്നുവർഷം മുമ്പാണ് ജിൻസി ജോലിയിൽ പ്രവേശിച്ചത് . 600 ലധികം കിടക്കകളും 2000 ജീവനക്കാരുമുള്ള രാജ്യത്തെ തന്നെ ഒന്നാനിര ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ച് വൈകാതെ തന്നെ ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു. എന്നാൽ തൻറെ ടീമിൽ മുഴുവൻ ജീവനക്കാരെയും നിയമിക്കുകയും മഹാമാരിയെ നേരിടാൻ ആശുപത്രിയെ സുസജ്ജമാക്കുകയും ചെയ്ത ജിൻസിക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് അവാർഡിലേക്കുള്ള നോമിനേഷൻ . നിലവിൽ 100 രോഗികൾക്ക് ഒരു ഇൻഫെക്ഷൻ കൺട്രോൾ നേഴ്സ് എന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് മാറ്റർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കിൽ ആ തുക ഉപയോഗിച്ച് മാറ്റർ ഹോസ്പിറ്റലിൽ ലോകോത്തര മാതൃകയിലുള്ള ഒരു ഇൻഫെക്ഷൻ സെൻട്രൽ ആപ്ലിക്കേഷൻ നിർമ്മിക്കലാണ് ജിൻസിയുടെ സ്വപ്ന പദ്ധതി.
ജിൻസിയുടെ ഭർത്താവ് ഐടി എൻജിനീയറായാണ് ജോലി ചെയ്യുന്നത്. 4, 12, 20 വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളാണ് ഈ ദമ്പതികൾക്ക് . ജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും തനിക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നില്ലെങ്കിലും ഒരു നേഴ്സായ തന്റെ നേട്ടങ്ങളെക്കുറിച്ച് മക്കൾക്ക് എപ്പോഴും അഭിമാനമാണ് ഉള്ളതെന്ന് ജിൻസി പറഞ്ഞു .
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിൻസിക്ക് വോട്ട് ചെയ്യാം
Leave a Reply