ഒരു കൂട്ടായ്മയുടെ പങ്ക് വെയ്പ്പും, സ്നേഹബന്ധങ്ങളുടെ ദൃഢവും ഊഷ്മളവുമായ വൈകാരികതയും
ഉണർത്തിയ യുക്കെയിലെ ഇരിങ്ങാലക്കുടക്കാരുടെ സംഗമം, ഇക്കൊല്ലം യുകെയിലെ യോർക്ക് ഷെയറിൽ കൊണ്ടാടി. ഗൃഹാതുരതയുടെ ഇന്നലെകളിൽ നിന്ന്, ഇന്നിന്റെ പ്രസരിപ്പോടെ, നാളെയുടെ വാഗ്ദാനങ്ങളിലേക്ക് പറന്നുയർന്ന അനുഭവസാക്ഷ്യങ്ങളായിരുന്നു സംഗമത്തിന്റെ പ്രധാന ഉത്തേജനവും ആകർഷണവും.
കോവിഡ് പ്രതിരോധം തീർത്ത കഴിഞ്ഞവർഷത്തെ നടക്കാതെ പോയ സംഗമത്തിന്റെ എല്ലാ അഭാവങ്ങളെയും നികത്തിയാണ് ഇത്തവണ ഇരിങ്ങാലക്കുടക്കാർ അരങ്ങും അണിയറയും ഒരുക്കിയിരുന്നത്. അൻപത് പേരടങ്ങിയ സംഘം, നോർത്ത് യോർക്ക് ഷെയറിലെ ശരത്കാല ഭംഗി വിളിച്ചോതുന്ന അരുവികളെ ആശ്ലേഷിച്ചതും, കുന്നുകൾ കയറിയിറങ്ങിയതും, പ്രകൃതിയുടെ അതിലാളനയും കുളിരുമേറ്റാണ്.
ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും പെരുന്നാളുകളെയും, ഉത്സവങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണങ്ങൾക്ക് പുറമേ, നാടൻ പലഹാരങ്ങളായിരുന്നു മറ്റൊരാകർഷണം. അച്ചപ്പം, കുഴലപ്പം, കൈ മുറുക്ക്, വട്ടയപ്പം, കുഴിയപ്പം, അരിയുണ്ട, പഴംപൊരി, പരിപ്പുവട എന്നു വേണ്ട, കേക്ക്, മിക്സ്ചർ, ഇവയെല്ലാം സംഗമം കൊടി കയറിയത് മുതൽ സംഗമത്തിന് വന്നവരുടെ അടുക്കളകളിൽ ഒരുങ്ങുന്നുണ്ടായിരുന്നു എന്നതാണ് ഏവരെയും ആവേശം കൊള്ളിച്ചത്.
മറക്കാനാവാത്ത മൂന്നു ദിവസങ്ങൾ സമ്മാനിച്ചുകൊണ്ട് ഇരിങ്ങാലക്കുട സംഗമം കൊടിയിറങ്ങിയപ്പോൾ അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് ഏറെ നീളരുതേ എന്നാണേവരും ആഗ്രഹിച്ചത്. വരും വർഷങ്ങളിലേക്കുള്ള പദ്ധതികൾ രൂപപ്പെടുത്താൻ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്താണ് സംഗമം പിരിഞ്ഞത്.
പുതിയ പ്രസിഡണ്ടായി ഫ്രാൻസിസ് തൊമ്മാനയും, സെക്രട്ടറിയായി ജോജി പോളും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ബാബു അളിയത്ത്, ലീഗൽ അഡ്വൈസർ അഡ്വ. സോണി ജോർജ്ജ് എന്നിവർ തൽസ്ഥാനങ്ങളിൽ തുടരുവാൻ തീരുമാനമായി.
മുൻ പ്രസിഡണ്ട് ടോമി പുന്നേലിപ്പറമ്പിൽ പുതിയ ഭാരവാഹികളെ അനുമോദിക്കുകയും, കഴിഞ്ഞകാല സംഗമങ്ങളിൽ പങ്കെടുത്തവർക്കും പ്രവർത്തനങ്ങളിൽ സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മുൻ സെക്രട്ടറി അനീഷ് തോമസ് കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചു.
പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കലാകാരനും സാഹിത്യകാരനുമായ ജോജി പോൾ എഴുതി പ്രസിദ്ധീകരിച്ച പന്ത്രണ്ട് കഥകളുടെ സമാഹാരമായ “മാൻഷനിലെ യക്ഷികൾ” എന്ന പുസ്തകം ഇരിങ്ങാലക്കുട സംഗമവേദിയിൽ അംഗങ്ങൾക്ക് കൈമാറുകയുണ്ടായി.
ജോജി പോളിന്റെ പുതിയ പുസ്തകമായ “നിങ്ങളെന്നെ കരിസ്മാറ്റിക്കാക്കി” എന്ന കഥാസമാഹാരത്തിന് സിമി കണ്ണായി ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ കലാ പ്രകടനങ്ങൾക്ക് ലിജി ടോമി, മിൻസി ജോജി എന്നിവർ നേതൃത്വം നൽകിയപ്പോൾ, ഷീബ ബാബു, റീന ഫ്രാൻസിസ്, ലാലി സജി ഫ്രാൻസിസ് എന്നിവർ സൽക്കാരങ്ങൾക്ക് ചുക്കാൻ പിടിച്ചു.
വിനോദോപാധികളുമായി ആനി സോണിയും ഡിൻ ബിജോയും, ബിജോയ് കോലംങ്കണ്ണിക്കും അനീഷ് തോമസിനുമൊപ്പം കർമ്മനിരതരായപ്പോൾ സജി ഫ്രാൻസിസ്, ഷാജു ജോസ്, ട്രീസാ ജോസ് എന്നിവർ ഇരിങ്ങാലക്കുടക്കാർക്ക് ആതിഥൃമരുളാൻ മത്സരിച്ച് തന്നെ മുൻനിരയിലുണ്ടായിരുന്നു.
എക്കാലത്തെയും പോലെ കൗതുകമൂറുന്ന കലവറയൊരുക്കങ്ങളുമായി ബാബു അളിയത്തും, ഫ്രാൻസിസ് തൊമ്മാനയും, ടോമി പുന്നേലിപറമ്പിലും, ബിജോയ് കോലംങ്കണ്ണിയും ഇത്തവണയും സജീവമായിരുന്നു.
അടുത്ത വർഷത്തെ സംഗമം കൂടുതൽ ആഘോഷ പൂരിതമാക്കുവാൻ വേണ്ടി ഓൺലൈൻ സംവിധാനങ്ങളും ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. അതിനായി ബിജി അനീഷിനെ ചുമതലപ്പെടുത്തി.
മൂന്നു ദിവസത്തെ സംഗമം സമാപിച്ച് കുടുംബാംഗങ്ങൾ സുരക്ഷിതമായി വീടുകളിൽ എത്തിച്ചേരും വരെ സൗഹൃദത്തിന്റെയും സ്നേഹ കൂട്ടായ്മയുടെയും ഓർമ്മകളിലൂടെ ഏവരും പരസ്പരം സംവദിച്ച് കൊണ്ടിരുന്നു.
വരുവാനിരിക്കുന്ന ശിശിരവും, വസന്തവും കടന്നുപോകുമ്പോൾ സെപ്റ്റംബർ മാസത്തിനൊടുവിൽ വീണ്ടും കൂടിച്ചേരാനുള്ള തയ്യാറെടുപ്പുകളുമായാണ് ഓരോ കുടുംബവും വിടവാങ്ങിയത്.
ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും ആർക്കെങ്കിലും അടുത്ത വർഷങ്ങളിൽ സംഗമങ്ങളിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
ഫ്രാൻസിസ് തൊമ്മാന – പ്രസിഡന്റ്
07411900877
ജോജി പോൾ – സെക്രട്ടറി
07877264255
ബാബു അളിയത്ത് – ട്രഷറർ
07387188551
ടോമി പുന്നേലിപറമ്പിൽ – മെമ്പർഷിപ്പ് അഡ്വൈസർ
07480132039
Leave a Reply