ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇരുമ്പുയുഗത്തിലെ ഒരു പ്രധാന ശേഖരം കണ്ടെത്തി. 2,000 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടനിലെ ജീവിതത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ തീർത്തും മാറ്റിമറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നോർത്ത് യോർക്ക്ഷെയറിലെ മെൽസൺബിക്ക് സമീപമാണ് നിധി കണ്ടെത്തിയത്. ഇതിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കീഴിലുള്ള റോമൻ അധിനിവേശ കാലത്തുള്ളവയെന്ന് കരുതപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ 800-ലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ബ്രിഗന്റസ് എന്ന ഗോത്രവുമായി ഈ വസ്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
വണ്ടികളുടെയോ രഥങ്ങളുടെയോ ഭാഗങ്ങൾ, 28 ഇരുമ്പ് ടയറുകൾ, കുറഞ്ഞത് 14 കുതിരകൾക്കുള്ള കവചങ്ങൾ, കടിഞ്ഞാൺ കഷണങ്ങൾ, ആചാരപരമായ കുന്തങ്ങൾ, രണ്ട് അലങ്കരിച്ച കുടങ്ങൾ എന്നിവ നിധി ശേഖരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗ ഗോത്രങ്ങൾക്കിടയിലെ സമ്പത്ത്, പദവി, വ്യാപാരം, യാത്ര എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കാൻ പുതിയ കണ്ടെത്തലിന് കഴിഞ്ഞേക്കാം. ഈ കണ്ടെത്തൽ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ദ്ധർ കരുതുന്നു.
2021 ഡിസംബറിൽ മെറ്റൽ ഡിറ്റക്ടറിസ്റ്റ് പീറ്റർ ഹെഡ്സ് ആണ് ഈ ശേഖരം കണ്ടെത്തിയത്. തൻെറ കണ്ടെത്തലിൻെറ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം വിദഗ്ദ്ധ സഹായം തേടുകയായിരുന്നു. 2022-ൽ, ഹിസ്റ്റോറിക് ഇംഗ്ലണ്ടിൽ നിന്നുള്ള £120,000 ധനസഹായത്തോടെ ഖനനം നടന്നു.
Leave a Reply