സോഷ്യല്‍ മീഡിയയിലൂടെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം ശക്തമാക്കിയ ടോം ജോസ് തടിയംപാടിന് മറുപടിയുമായി യുകെയില്‍ പ്രമുഖ ഇടതു പക്ഷ ചിന്തകനായ സുഗതന്‍ തെക്കേപ്പുര രംഗത്ത്. ടോമിന്‍റെ കമ്മ്യൂണിറ്റിസ്റ്റ് വിരുദ്ധ വിമര്‍ശനങ്ങള്‍ക്ക് സുഗതന്‍ തെക്കേപ്പുരയുടെ മറുപടി താഴെ  

ടോം, ഫാസിസവും കമ്യൂണിസവും തിരിച്ചറിയാന്‍പറ്റാത്തതു ടോമിന്റെ കുഴപ്പമല്ല. എന്താണ് അവ തമ്മിലുള്ള വ്യത്യാസം. കുരുടന്മാര്‍ ആനയെക്കണ്ട വിവരം പറഞ്ഞു കേട്ടിട്ടു നമ്മള്‍ ആനയെക്കറിച്ച് ഒരു രൂപം മനസ്സില്‍ ഉണ്ടാക്കുന്നതുപോലെയുള്ളു. നാമിന്നു കാണുന്ന മൃദുമുതലാളിത്തം അഥവാ സോഷ്യല്‍ ബെനിഫിറ്റ് കിട്ടുന്ന ഭരണക്രമം യൂറോപ്പില്‍ രൂപപ്പെട്ടതുപോലും കമ്മ്യുണിസ്‌റ് ആശയങ്ങള്‍ റഷ്യന്‍ വിപ്ലവത്തിന് ശേഷം മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ അടിസ്ഥാനമാക്കിയ ഭരണക്രമം തൂത്തെറിയും എന്ന സന്ദേഹത്തില്‍ നിന്നാണ്. സമൂഹം ഒന്നായി പണിയെടുത്തിട്ട് മുന്നോട്ടുപോകുന്ന സാമൂഹ്യക്രമം എന്ന് പറഞ്ഞാല്‍ ഞാന്‍ ടോമിന്റെ കുട്ടിയെ പഠിപ്പിക്കുന്നു പകരം ടോം എന്നെ രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ്സ് ഓടിക്കുന്നു മറ്റൊരാള്‍ ബാങ്കും വേറൊരാള്‍ ഹോസ്പിറ്റലിലും സേവനം കൊടുക്കുന്നു.

ഇത്തരം സാമൂഹ്യ ക്രമം രൂപപ്പെട്ടത് അരാജകമായ പിടിച്ചുപറിയും മറ്റും ആര്‍ക്കും ഗുണം ചെയ്യില്ല എന്നും എന്നാല്‍ എല്ലാവരും പരസ്പരം കുറച്ചു സ്വാതന്ത്ര്യം ബലികഴിച്ച് അവ ഗവണ്‍മെന്റിനു കൈമാറണം എന്നും പകരം എല്ലാവര്‍ക്കും സമാധാനവും ഗവണ്‍മെന്റ് പ്രദാനം ചെയ്യുമെന്ന് ഒരു കരാറില്‍ എത്തിച്ചേര്‍ന്നു. അതാണ് പതിനേഴും പതിനെട്ടും നൂറ്റാണ്ടില്‍ ഹ്യൂഗോ ഗ്രോഷ്യസ്, തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക് റൂസ്സോ, ഇമ്മാനുവല്‍ കാന്റ് എന്നിവര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി പറയുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് ഗവണ്മെന്റ് ഏതു രീതിയില്‍ ആയിരിക്കണം എന്നുള്ള ചിന്ത ഉടലെടുത്തത് എല്ലാവരും കൂടി പണിയെടുത്ത് ഓടിച്ചുകൊണ്ടുപോകുന്ന സമൂഹത്തില്‍ ചില ആള്‍ക്കാര്‍ക്ക് അധികമായി അധ്വാനത്തിന്റെ ഫലമായ സമ്പത്തു കുമിഞ്ഞു കൂടുകയും മറ്റു ചിലര്‍ക്ക് ദിവസവും അധ്വാനവും എന്നാല്‍ പട്ടിണിയും പരിവട്ടവും മാത്രമായ അവസരത്തിലാണ്. ഇത് വളരെ വ്യക്തമായി സമൂഹത്തെ ഗ്രസിച്ചതും ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചതും വ്യാവസായിക വിപ്ലവത്തില്‍ അപാരമായ ഉല്പാദനവും അതിന്റെ ഫലമായി കുമിഞ്ഞുകൂടിയ സ്വത്ത് ഒരു വശത്തും ദാരിദ്ര്യം മറുവശത്തും കൂടി വന്നപ്പോഴാണ്.

ഇവിടെയാണ് ഇതിന്റെ കാരണം കാറല്‍ മാര്‍ക്‌സിന്റെ അന്വേഷണത്തിലൂടെ ആരംഭിക്കുന്നത്. മാര്‍ക്‌സ് പറഞ്ഞത്. ഉല്പാദനത്തിന്റെ ഫലമായി ഉണ്ടാകുന്ന സമ്പത്തു ഒരു വശത്തു മാത്രം കുമിഞ്ഞു കൂടുന്നത് ഉല്‍പാദന ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ അഥവാ സാമഗ്രികള്‍ അവയുടെ ഉടമസ്ഥാവകാശം വ്യക്തികളിലേക്ക് ഒതുങ്ങുന്നതു കൊണ്ടാണ്. മാത്രവുമല്ല ഈ അവസ്ഥയെ സമൂഹം മാനസികമായി സ്വീകരിക്കുകയും അതനുസരിച്ചുള്ള സാമൂഹിക ക്രമവും നമ്മുടെ ചിന്താശീലങ്ങളും വളര്‍ന്ന് വരുകയും ചെയ്തു. ഇതിനെയാണ് മുതലാളിത്ത സാമ്പത്തിക ക്രമം എന്നും അതിലധിഷ്ഠിതമായ മുതലാളിത്ത സാമൂഹിക ക്രമം എന്ന് പറയുന്നത്. ഇതിനെതിരെ സമൂഹം ഒന്നായി മാറി ഉല്‍പാദന ഉപകരണ സാമഗ്രികള്‍ പൊതു സ്വത്താക്കി മാറ്റണം. എന്നിട്ട് അതനുസരിച്ചുള്ള നമ്മുടെ ചിന്തയും സാമൂഹ്യക്രമവും ഒരു കമ്മ്യുണിറ്റി പൊതു ബോധത്തില്‍ നിന്നായിരിക്കണം ഉദാഹരണത്തിന് NHS. ഇവിടെ ഒരു ഹോസ്പിറ്റലില്‍ നാമെത്തുമ്പോള്‍ നമ്മെ നയിക്കുന്ന മാനസികബോധമല്ല നാട്ടിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ഇതിനെയാണ് ഞാന്‍ മുന്‍പ് സൂചിപ്പിച്ച ഉല്‍പാദന ഉപകരണം ഹോസ്പിറ്റല്‍ ആയാലും അതിന്റെ ഉടമസ്ഥ അവകാശം സ്വകാര്യമാകുന്നതും സമൂഹത്തിന്റെ പൊതു ഉടമയില്‍ ആകുന്നതും തമ്മിലുള്ള വ്യത്യാസം ചിന്തയെയും അതുവഴി സാമൂഹ്യ ക്രമത്തെയും രൂപപ്പെടുത്തുന്നത്.

അങ്ങിനെ എല്ലാം തന്നെ പൊതു ഉടമയില്‍ കേന്ദ്രീകരിച്ച് ഉടലെടുക്കുന്ന സാമൂഹ്യ ക്രമത്തെയാണ് കമ്മ്യുണിസം എന്ന് പറയുന്നത്. മാര്‍ക്‌സിന്റെ വിശദമായ വിശകലനത്തില്‍ സമൂഹത്തില്‍ ഈ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥാവകാശവും അതുമൂലം ഉത്പാദനം മൂലമുണ്ടാകുന്ന സമ്പത്തിന്റെ കൂടിയഭാഗവും കൈവശം വെക്കുന്ന ഏര്‍പ്പാട് തുടക്കത്തില്‍ ഇല്ലായിരുന്നു. അതിനെ അദ്ദേഹം പ്രാകൃത കമ്മ്യുണിസം എന്നുപറയുന്നു. പിന്നീട് എപ്പഴോ വന്നുകൂടിയ ഈ മുതലാളിത്ത സാമൂഹ്യ ക്രമം മാറ്റിമറിക്കുക എളുപ്പമല്ല. ഇത്തരം മാറ്റിമറിക്കലുകള്‍ നടത്തി കമ്മ്യുണിറ്റിയില്‍ അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്ന രീതി ലോകത്തു പലയിടത്തും പലര്‍ക്കും പലതാണ് അതില്‍ ഒരു പക്ഷെ സ്റ്റാലിന് പറ്റിയതുപോലെ തെറ്റ് പറ്റാം. പക്ഷെ അത് കമ്മ്യുണിസ്‌റ് രീതിയല്ല. അത് പോലെ ഭരണം പിടിച്ചെടുത്തശേഷവും കമ്മ്യുണിസ്റ്റ് പാതയില്‍ നിന്ന് വഴിമാറി പോകാം ഉദാഹരണത്തിന് റഷ്യയും ഉത്തര കൊറിയയും. ഇവിടെയാണ് ടോം തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നതു ഇതാണ്എല്ലാം എന്ന്.

ഇനി ഫാസിസം എന്താണ് ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവര്‍ക്കു മുതലാളിത്ത സാമ്പത്തിക സാമൂഹിക ക്രമത്തില്‍ യാതൊരു പരാതിയുമില്ല. അവര്‍ക്ക് അകെ പറയാനുള്ളത് ചില മനുഷ്യര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാണ്. ആയതിനാല്‍ അവര്‍ മനുഷ്യന്റെ തുല്യതയിലുള്ള ഒരു ഭരണക്രമമല്ല, മറിച്ച് കേമന്മാരായ ചിലരുടെ കീഴില്‍ മറ്റുള്ളവര്‍ അവര്‍ക്കു വിധേയരായി കഴിയണം എന്നുമാണ്. അതിനു തയാറായില്ലെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ അവരുടെ രീതിക്കനുസരിച്ചു മാറ്റുക അല്ലെങ്കില്‍ കൊല്ലുക എന്നതാണ്. ലോകത്തു നമ്മുടെ കണ്മുന്നില്‍ വളരെ ശക്തമായ ഫാസിസ്റ്റ് ഭരണ ചരിത്രം ഹിറ്റ്‌ലറുടേതാണ്. ഹിന്ദുക്കളുടെ അഥവാ ആര്യ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ഗീതം പാടുന്നതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി യുടെയും RSS ന്റെയും ഐഡിയോളജി. ഇതിനെ എതിര്‍ത്ത ഗാന്ധിജിയെ കൊന്നതിനു അവരുടെ ന്യായം അതാണ്.

ഇതിനെയാണ് ഫാസിസ്റ്റു രീതി എന്ന് പറയുന്നത്. ഈ സംഗതിയാണ് ടോം അന്ധമാരുടെ ആനക്കഥപോലെ ഫാസിസവും കമ്യൂണിസവും ഒരേ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കമ്മ്യുണിസം വിമര്‍ശിക്കപ്പെടുന്നത് ഒരു അപ്രാപ്യമായ ഐഡിയോളജി എന്ന നിലയിലാണ്. അല്ലാതെ ഫാസിസിസത്തോട് ഉപമിച്ചല്ല. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലായ്‌പ്പോഴും ലോകം ഉറ്റുനോക്കിയത് മാര്‍ക്‌സിസത്തിലേക്കാണ്. ഉദാഹരണത്തിന് ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ് സമരവും 35 വര്‍ഷത്തിലധികം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പിന്നാമ്പുറത്തു നിന്ന് ജെറെമി കോര്‍ബിന്‍ മൂന്നാംപുറത്തേക്കു യുവതലമുറ തള്ളികൊണ്ടുവന്നതും ഉദാഹരണമാണ്.

ഐഡിയോളജി നടപ്പിലാക്കുന്ന രീതിയിലെ കുഴപ്പമോ നടപ്പിലാക്കുന്ന വ്യക്തിയുടെ വീക്ഷണമോ തെറ്റായാല്‍ അതിനെ ഐഡിയോളജിയെയല്ല ഹേതുവായി കാണണ്ടത്. ഉദാഹരണത്തിന് സ്റ്റാലിനെ പോലെ തന്നെ ഗോര്‍ബച്ചേവിനും തെറ്റ്പറ്റി എന്ന് അദ്ദേഹം ഏറ്റുപറഞ്ഞത് അടുത്തയിടെയാണ്. മറിച്ച് ജനാധിപത്യത്തിനും ഇതേ അപകടം സംഭവിച്ചിട്ടുണ്ട്. ഏറ്റവും അടുത്തായി ടോണി ബ്ലെയര്‍ പാര്‍ലമെന്റിനോട് ആലോചിക്കാതെയാണ് ഇറാക്ക് യുദ്ധത്തിന് പുറപ്പെട്ടതും അതിന്റെ ഫലമായി ദശലക്ഷക്കണക്കിനു ആളുകള്‍ മരിച്ചതും ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നതും. മറ്റൊരു ജനാധിപത്യ ഭരണാധികാരികളായ അമേരിക്കയ്ക്ക് അധികാരം ദുര്‍വിനിയോഗം ചരിത്രമാണ്  പറയാനുള്ളത്. ലോകത്തൊരിടത്തും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ഭരിക്കുവാന്‍ അമേരിക്ക സമ്മതിച്ചിരുന്നില്ല.

ചിലിയിലെ അലന്‍ഡെയെ സിഐഎയെ ഉപയോഗിച്ച് വെടിവെച്ചുകൊന്നതും വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ കൂട്ടക്കുരുതിയും ഓര്‍മ്മയുണ്ടോ? ക്യൂബ എന്ന കുഞ്ഞു രാജ്യം തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തതിന് കാട്ടിയ മനുഷ്യത്വ രഹിത നിലപാടുകള്‍, ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്ര്യ സമരത്തിനെതിരെ പടക്കപ്പല്‍ അയച്ചത്, അതിനെ തടയിട്ടത് സ്റ്റാലിന്റെ തെറ്റ് ഏറ്റുപറഞ്ഞ കമ്മ്യുണിസ്റ്റ് റഷ്യ ആയിരുന്നു എന്ന കാര്യം ടോമിന് അറിയാഞ്ഞിട്ടല്ല. പക്ഷെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്ലെയറില്‍ അതൊന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല അത്രതന്നെ അതുകൊണ്ടു ഇതൊക്കെയാണെങ്കിലും എന്റെ പ്രിയ സുഹൃത്ത് പ്രത്യേകിച്ച് രാഷ്ട്രമീംമാസയില്‍ ബിരുദമുള്ള ടോം ശുഷ്‌കമായ അനുഭവവും ചുരുങ്ങിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഇങ്ങനെ പറയരുതേ. അല്ലെങ്കില്‍ നിങ്ങളെ വിശ്വസിക്കുന്ന പാവങ്ങളോട് സത്യസന്ധവും നീതിപൂര്‍വകമായ അറിവ് പങ്കു വെക്കലല്ല താങ്കള്‍ ചെയുന്നത് എന്ന് വിനീതമായി ഓര്‍മിപ്പിക്കേണ്ടിവരും.

സ്‌നേഹപൂര്‍വം
സുഗതന്‍ തെക്കേപ്പുര

ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ [email protected] എന്ന വിലാസത്തില്‍ അയച്ച് തന്നാല്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും