മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍
രാജ്യം കണ്ട വലിയ കോഴകളില്‍ ഒന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലുണ്ടാകുന്ന ആശങ്ക ശക്തമാകുന്ന റിപ്പോര്‍ട്ടാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അടുത്തയിടെ ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിക്കുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തതാണ് കോഴ ഇടപാട് നടന്നെന്ന സംശയത്തിന് ബലം പകരുന്നത്. ഖത്തര്‍ വാങ്ങുന്നതിനെക്കാള്‍ മൂന്നിരട്ടിയോളം പണമാണ് ഇന്ത്യ ഒരു യുദ്ധവിമാനത്തിനായി ഫ്രാന്‍സിന് നല്‍കുന്നത്. ഖത്തര്‍ ഒരു വിമാനത്തിന് 9 കോടി യൂറോ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കുന്നത് 24 കോടി യൂറോയാണ്. കരാറില്‍ അഴിമതി നടന്നെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആരോപണത്തിന് വിശ്വാസ്യത പകരാന്‍ ഈ കണക്കുകള്‍ ധാരാളമാണ്. ഖത്തര്‍ ആദ്യഘട്ടത്തില്‍ 24 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒരു വിമാനത്തിനായത് ശരാശരി വില 26 കോടി യൂറോയാണ്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ വാങ്ങിയ 12 വിമാനങ്ങളുടെ ശരാശരി വില 9 കോടി യൂറോ മാത്രമാണ്. ആകെ വാങ്ങിയ 36 വിമാനങ്ങളുടെ ശരാശരി വില 20 കോടി യൂറോയാണ്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ വില കുറയ്ക്കാന്‍ എല്ലാ ആയുധക്കമ്പനികളും തയ്യാറാകും. എന്നാല്‍ ഖത്തറിനേക്കാള്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന ഇന്ത്യ വിമാനങ്ങള്‍ക്ക് നല്‍കുന്ന ശരാശരി വില 24 കോടി യൂറോയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റാഫേല്‍ യുദ്ധവിമാന കരാറിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് റാഫേല്‍ കമ്പനിയുമായി ഉണ്ടാക്കിയ ധാരണ മൊത്തം 126 യുദ്ധ വിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു. പൂര്‍ണ തോതിലുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തിനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. നിലവിലുള്ള കരാറില്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിന് വ്യവസ്ഥയില്ല.
എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിന് റാഫേല്‍ യുദ്ധവിമാന കരാറിനു പിന്നിലുള്ള നിഗൂഢതകള്‍ പൊതുജന സമക്ഷം അനാവരണം ചെയ്യുന്നതിനോ മോദി ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാനോ സാധിക്കുന്നില്ല. യുപിഎ ഭരണകാലത്തെ അഴിമതിയുടെ പാപക്കറ പേറുന്ന പ്രതിപക്ഷ നേതൃത്വത്തിന് അഴിമതിക്കെതിരെ ബഹുജന പ്രതിരോധം കെട്ടിപ്പെടുക്കുന്നതിനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടതാണ് ഒരു കാരണം. കൂടാതെ പ്രതിപക്ഷത്തെ നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് അത്യാവശ്യം ഭീഷണിയും ബ്ലാക് മെയിലിംഗ് തന്ത്രങ്ങളും പയറ്റുന്നുമുണ്ട്.
ഇതിനിടയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതിയുടെ കറ പുരളാത്ത മാന്യതയുടെ പ്രതീകമായി അറിയപ്പെടുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളായ മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിനെ റാഫേല്‍ യുദ്ധവിമാന കരാര്‍ ന്യായീകരിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി രംഗത്തിറക്കിയത് ബോധപൂര്‍വ്വമാണ്. സംശയത്തിന്റെ വിത്തുകള്‍ മുളയിലേ നുള്ളുവാനാണ് ശ്രമം. റാഫേല്‍ യുദ്ധ വിമാനത്തിലെ ഉപകരണങ്ങള്‍ക്കാണ് കൂടിയ ചിലവെന്നാണ് പരീക്കര്‍ വാദിച്ചത്. എന്തായാലും ആനയെക്കാളും കൂടിയ വില തോട്ടിക്ക് കൊടുക്കുന്നതിലേ യുക്തി പൊതുജനത്തിന് മനസിലാകുന്നതല്ല. അഴിമതിയുടെ വിളനിലമായ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മാന്യനായ പരീക്കറിനേ താരതമ്യേന അപ്രധാന സംസ്ഥാനമായ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അയച്ചതും പ്രതിരോധ ഇടപാടുകളില്‍ പലരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഊണിലും ഉറക്കത്തിലും രാജ്യസ്‌നേഹം വിളമ്പുന്ന നരേന്ദ്രമോദി റാഫേല്‍ യുദ്ധവിമാന കരാറില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനാണ്.
Leave a Reply