ലോക്ക് ഡൗൺ കാലയളവിൽ എ ലെവൽ ഫല നിർണ്ണയം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർ തന്നെ നടത്താനുള്ള തീരുമാനം കൂട്ടായ ചർച്ചകൾക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെ പഠനം നടത്തിയ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും പൊതു പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടുമായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ അന്ന് പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടിയ പല വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശിച്ച പല യൂണിവേഴ്സിറ്റി കോഴ്സുകളും പൂർത്തീകരിക്കാതെ ഇടയ്ക്ക് വെച്ച് നിർത്തി പോയി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

കോവിഡ് സമയത്തെ അധ്യാപക മൂല്യനിർണയത്തിന്റെ ആധികാരികതയെ കുറിച്ച് സംശയമുണർത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ . എ ലെവൽ ഗ്രേഡ് നേടി യൂണിവേഴ്സിറ്റികളിൽ പ്രവേശിച്ച 30 ശതമാനം വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കാതെ പുറത്തുപോയത് . 2020 ലും 2021 ലും അധ്യാപകർ നൽകിയ മൂല്യനിർണയത്തിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019 -ന് ശേഷം സാധാരണ രീതിയിൽ നടന്ന എ – ലെവൽ പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിദ്യാർത്ഥികളുടെ ഗ്രേഡുകൾ കുറഞ്ഞേക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഗ്രേഡുകൾ വിലയിരുത്തുന്ന രീതി കാരണം ഉയർന്ന ഗ്രേഡുകൾ കിട്ടിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു . മന്ത്രിയുടെ പ്രസ്താവന കുട്ടികളുടെയും മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. ഗ്രേഡ് ലെവൽ കുറവാണെങ്കിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് യൂണിവേഴ്സിറ്റി പ്രവേശനം ബുദ്ധിമുട്ടിലാകും.