ലണ്ടന്‍: റണ്‍വേയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നു ഗാറ്റ്വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വഴിത്തിരിവിലേക്ക്. സംഭവത്തെ തുടര്‍ന്ന് ആന്റി ഡ്രോണ്‍ ടെക്‌നോളജി കൊണ്ടുവരാന്‍ സമ്മര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക നിലവില്‍ ഡ്രോണ്‍ ആക്രമണങ്ങളെ തടയാനായി ഉപയോഗിക്കുന്ന ടെക്‌നോളജി ബ്രിട്ടനിലേക്കും എത്തിക്കണമെന്നാണ് പ്രധാനമായും ആവശ്യമുയരുന്നത്. സമീപകാലത്ത് യാത്രവിമാനങ്ങള്‍ക്ക് ഡ്രോണുകള്‍ അപകട ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിമാനത്താവളങ്ങളെ പൂര്‍ണമായും ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നതാണ് ആന്റി ഡ്രോണ്‍ ടെക്‌നോളജികള്‍.

ബ്രിട്ടനിലെ നിയമപ്രകാരം വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 400 അടിക്കു മുകളില്‍ ഡ്രോണുകള്‍ പറത്തുന്നത് നിയമവിരുദ്ധമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമായിട്ടാണ് ഇവ കണക്കാക്കുന്നത്. 5 വര്‍ഷം തടവും വന്‍തുകയും പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ ഒരു യാത്രാവിമാനം ഡ്രോണില്‍ ഇടിച്ചിരുന്നു. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം യാത്രാവിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്ന ഡ്രോണുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ മാസം വരെ ഡ്രോണുകളുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത് 117 വിമാനങ്ങളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ ജാമറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ 5 മൈല്‍ ദൂരത്ത് ഡ്രോണുകളുണ്ടെങ്കില്‍ സുരക്ഷാ നിര്‍ദേശം ലഭ്യമാകും. ഡ്രോണുകള്‍ക്ക് സിഗ്നല്‍ ലഭിക്കുന്ന ഫ്രീക്വന്‍സികളെ ബ്ലോക്ക് ചെയ്യുകയും അതിലൂടെ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും ഈ ജാമറുകള്‍ക്ക് സാധിക്കും. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ യു.കെയിലില്ല. ഗാറ്റ്‌വിക് സംഭവത്തോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഗാറ്റ്‌വിക്കിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷക്കണക്കിനു യാത്രക്കാരാണ് ഇന്നലെ പെരുവഴിലായത്. ഇവിടെനിന്നു ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ഉച്ചവരെ 1,10,000 പേരുടെ യാത്ര ഗാറ്റ്‌വിക്കില്‍ മുടങ്ങി. 760 ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്തു. വിമാനത്താവളം തുറന്നാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും.