ദമാസ്‌കസ്: ദാര്‍ അല്‍ സൂറില്‍ ഐസിസ് നടത്തിയ ചാവേര്‍ ബോംബാക്രമണത്തിനു ശേഷം 400 പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ചാവേര്‍ ആക്രമണങ്ങളില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണ്ക്ക്. മരിച്ചവരില്‍ 50 പേര്‍ സൈനികരും തീവ്രവാദികളുമാണ്. സാധാരണക്കാരായ 80 പേര്‍ മരിച്ചതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ അല്‍ ബഗ്ലിയാഹ്, അല്‍ ജുറ പ്രദേശങ്ങളിലായാണ് കാര്‍ ബോംബാക്രമണവും ചാവേറാക്രമണവും നടന്നത്.
പ്രദേശത്ത് നിന്ന് 400 പേരെ കാണാതായിട്ടുണ്ട്. ഇവരെ ഐസിസ് തട്ടിക്കൊണ്ടു പോയതായാണ് നിഗമനം. ഐസിസ് ആറ് ചാവേറുകളുടെ സൈനിക കേന്ദ്രങ്ങളിലേക്ക് അയച്ചെങ്കിലും ആക്രമണം നടത്താന്‍ കഴിഞ്ഞില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയും തട്ടിക്കൊണ്ടുപോയവരുടെയും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം മൂന്നറിലേറെ പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണം 250നും 280നും ഇടയ്ക്കാണെന്ന് ചില നിരീക്ഷണ സംഘടനകള്‍ പറഞ്ഞു. 42 ഐസിസ് പോരാളികള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ഇറാഖിനോട് വളരെയടുത്തു കിടക്കുന്ന നഗരമാണ് ദാര്‍ അല്‍ സൂര്‍. അടുത്തിടെയായി സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്.