ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ :- 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ നടത്തിയ മനുഷ്യഹത്യയുടെ തെളിവുകൾ അടങ്ങുന്ന വീഡിയോ ഫൂട്ടേജ് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനു കൈമാറിയിരിക്കുകയാണ് ഇസ്രയേൽ. നിരപരാധികളായ സാധാരണക്കാരെ ഹമാസ് ഭീകരർ കൊലപ്പെടുത്തി വികൃതമാക്കിയതിൻ്റെ ഭയാനകമായ ദൃശ്യങ്ങളാണ് ഇസ്രായേൽ അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച്, ഇസ്രായേലിനെതിരെ മനുഷ്യഹത്യയ്ക്ക് അന്താരാഷ്ട്ര കോടതിയിൽ സൗത്ത് ആഫ്രിക്ക നൽകിയ കേസിൽ വെള്ളിയാഴ്ച ഇടക്കാല വിധി വരാനിരിക്കെയാണ് ഇസ്രയേൽ ഈ വീഡിയോ പുറത്ത് വിട്ടത്. 25000 ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടതായി കാണിച്ച്, ഇസ്രായേലിന്റെ ഗാസാ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ മാസമാദ്യം സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ തങ്ങൾ വംശഹത്യയുടെ ഇരയാണെന്നും, തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്നും വാദിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഹമാസിന്റെ ക്രൂരതകൾ കാണിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുമ്പോഴും, തകർന്നു തരിപ്പണമാക്കപ്പെട്ട ഗാസയിലെ ദുരന്തം ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ നിലനിൽക്കുകയാണ്.
ഒക്ടോബർ 7ന് അതിർത്തിക്കടുത്ത് നിന്ന് ഏകദേശം 3000 ത്തോളം തീവ്രവാദികളാണ് കടൽ മാർഗ്ഗവും കര മാർഗ്ഗവുമായി തങ്ങളെ ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നുണ്ട്. കുട്ടികളും പ്രായമുള്ളവരും വികലാംഗരും ഉൾപ്പെടെ ഏകദേശം 1200 ലധികം ആളുകളെ കൊല്ലുകയും പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയും, ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത ഹമാസ് ഭീകരത ഇസ്രയേൽ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് . ഏകദേശം 250-ലധികം ആളുകളെ ഗാസയിലേക്ക് ഇവർ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഒക്ടോബർ 7 -ന് രാവിലെ അതിർത്തി വേലി ഭേദിക്കുമ്പോൾ ജിഹാദികൾ സ്ഫോടകവസ്തുക്കൾ എറിയുന്നതും അല്ലാഹു അക്ബർ എന്ന് നിലവിളിക്കുന്നതും ഫൂട്ടേജിൽ കാണിക്കുന്നുണ്ട്. അധിനിവേശം എന്ന പേരിൽ അവർ പിക്ക്-അപ്പ് ട്രക്കുകളിൽ ഇസ്രായേലിലേയ്ക്ക് അതിവേഗം പായുന്നതും, സിവിലിയൻ കാറുകൾക്ക് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ വെടിവയ്ക്കുന്നതും വീഡിയോ ഫൂട്ടേജിൽ വ്യക്തമാക്കുന്ന കാഴ്ചകളാണ്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് ഇസ്രയേൽ പുറത്തുവിട്ട വീഡിയോയിലുള്ളത്. എന്നാൽ ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിന്റെ ഭയാനകതയെയാണ് സൗത്താഫ്രിക്ക ചൂണ്ടിക്കാട്ടുന്നത്. ഹമാസിന്റെ ഭീകരതയും നിർവീര്യമാക്കാൻ ഉള്ള ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയിൽ കൂടുതൽ വാദങ്ങൾ ഉണ്ടാകും
Leave a Reply