ന്യൂസ് ഡെസ്ക് മലയാളം യുകെ

അവര്‍ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സില്‍ക്‌യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറ് കൊണ്ടാണ് ദൗത്യം സമ്പൂര്‍ണവിജയം കണ്ടത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. തൊഴിലാളികളെ പുറത്തെത്തിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ മധുരവിതരണം നടത്തി.

അപകടം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്താനായത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയില്‍ കട്ടിലുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു.

എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ബി.ആര്‍.ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.