ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇറ്റലിയും വത്തിക്കാൻ സിറ്റിയും യുകെയുടെ ക്വാറന്റീൻ ലിസ്റ്റിൽ. ഇറ്റലി, വത്തിക്കാൻ സിറ്റി, സാൻ മറിനോ എന്നിവിടങ്ങളിൽ നിന്ന് യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർ രണ്ടാഴ് ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണം. ഞായറാഴ്ച രാവിലെ 4 മണി മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ നിന്ന് മടങ്ങുന്നവർക്ക് ഇപ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. ധാരാളം ബ്രിട്ടീഷ് പൗരന്മാർ സന്ദർശിക്കുന്ന രാജ്യമാണ് ഇറ്റലി. 8,804 കേസുകളാണ് ഇന്നലെ മാത്രം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഒരു ലക്ഷത്തിൽ 64 കേസുകളാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞയാഴ് ച, യുകെയിലെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായിട്ടും ഒരു രാജ്യത്തെയും ക്വാറന്റീൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഞായറാഴ്ച മുതൽ ഈ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ് സ് ട്വിറ്ററിലൂടെ അറിയിച്ചു.
ഗ്രീസിനെയും ക്രീറ്റ് ഉൾപ്പെടെയുള്ള ഗ്രീക്ക് ദ്വീപുകളെയും കഴിഞ്ഞ മാസം തന്നെ ക്വാറന്റീൻ ലിസ്റ്റിൽ നിന്ന് സ് കോട്ട്ലൻഡ് നീക്കം ചെയ് തിരുന്നു. വെയിൽസും നോർത്തേൺ അയർലൻഡും ക്രീറ്റിനെ അവരുടെ സേഫ് ലിസ്റ്റിൽ ചേർത്തു. പോളണ്ട്, തുർക്കി, കരീബിയൻ ദ്വീപുകളായ ബോണൈർ, സെന്റ് യൂസ്റ്റേഷ്യസ്, സാബ എന്നിവയാണ് ക്വാറന്റീൻ ലിസ്റ്റിൽ പെട്ട ഏറ്റവും പുതിയ സ്ഥലങ്ങൾ. ഇറ്റലിയിൽ ഫേസ് മാസ് ക് ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ പൊതു ഇടങ്ങളിലും ഫേസ് മാസ് ക് ധരിച്ചിരിക്കണം. യുകെ, നെതർലാന്റ്സ്, ബെൽജിയം, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ആർക്കും രാജ്യം നിർബന്ധിത പരിശോധന പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം കൊറോണ വൈറസ് ബാധിച്ച യൂറോപ്പിലെ ആദ്യ രാജ്യമായി ഇറ്റലി മാറിയപ്പോൾ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് അവർ നേരിട്ടത്.
അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർക്ക് സർക്കാർ പരിഗണിക്കുന്ന നിരവധി മാർഗങ്ങളിലൂടെ ക്വാറന്റീൻ ഒഴിവാക്കാം. സ്വകാര്യ കോവിഡ് പരിശോധനയോ യാത്രയ്ക്ക് മുമ്പ് സ്വയം ഐസൊലേഷനിൽ കഴിഞ്ഞവർക്കോ ക്വാറന്റീൻ ഒഴിവാക്കാമെന്ന് ഗ്രാന്റ് ഷാപ് സ് പറഞ്ഞു. സർക്കാർ പരിഗണിക്കുന്ന മറ്റൊരു മാർഗം, യാത്രക്കാർക്ക് രണ്ടാഴ് ചയ്ക്ക് പകരം ഒരാഴ്ച സ്വയം ഒറ്റപ്പെടേണ്ടിവരുന്ന ഒരു സംവിധാനമാണ്. ഒരാഴ് ചയ്ക്ക് ശേഷം അവരെ പരിശോധിച്ച് ഫലം നെഗറ്റീവ് ആയാൽ പിന്നീട് ഐസൊലേഷനിൽ കഴിയേണ്ടതില്ല. യാത്ര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് വിമാനക്കമ്പനികളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ശൈത്യകാലത്തെ അതിജീവിക്കാൻ യാത്രാ മേഖലയ്ക്ക് അടിയന്തിര പിന്തുണ ആവശ്യമാണെന്നുള്ള അഭിപ്രായം ശക്തമാണ്.
Leave a Reply