യേശുക്രിസ്തുവിന്റെ മുടിയുടെ തിരുശേഷിപ്പ് വരുന്ന വെള്ളിയാഴ്ച തങ്കി പള്ളിയിലെത്തിക്കും. പീഡാനുഭവ രൂപവുമായി ബന്ധപ്പെട്ട തങ്കി പള്ളിയിലെ വസ്തുതകളും പ്രത്യേകതകളും കേട്ടറിഞ്ഞ ഇറ്റലിയിലെ സേക്രഡ് ഹാർഡ് പള്ളി വികാരിയായ ഫാ. സ്റ്റെഫാനോയാണ് കൊച്ചി രൂപതാംഗമായ ഫാ. ജോണ്സണ് തൗണ്ടയിൽ വഴി തിരുശേഷിപ്പ് കേരളത്തിലേക്ക് എത്തിക്കുന്നത്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച തിരുശേഷിപ്പു പേടകം വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിലും വൈദികരും വിശ്വാസികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ തങ്കി ഫൊറോനയിൽപ്പെട്ട അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിച്ചു. വെള്ളിയാഴ്ച തങ്കിപ്പള്ളിയിലേക്കെത്തിക്കുന്ന തിരുശേഷിപ്പിനു ഭക്തിനിർഭരമായ വരവേല്പ് നൽകും.
ക്രിസ്തുവിന്റെ പീഡാനുഭവ തിരുസ്വരൂപ പ്രതിഷ്ഠയാൽ പ്രസിദ്ധമായതിനാലും തിരുരൂപത്തിലെ മുടിയുമായി ബന്ധപ്പെട്ട വിശ്വാസത്താലുമാണ് തങ്കിപ്പള്ളിയിൽ തിരുശേഷിപ്പ് എത്തിക്കുന്നതെന്നു വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ പറഞ്ഞു. വിശുദ്ധ ചാവറയച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വിശുദ്ധ ലുഡ്വിനോ തന്റെ ജീവിതകാലത്ത് പീഡാനുഭവ സഭ ആരംഭിച്ചിരുന്നു.
അക്കാലത്ത് അവിടെ അനേകം വിശുദ്ധരാൽ അനുഗ്രഹീതമായ ഒരു കുടുംബത്തിലെ അംഗം സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് വിശുദ്ധ ലുഡ്വിനോയ്ക്കു കൈമാറി. പിന്നീട് ഇറ്റലിയിലെ ഒരു ആശ്രമത്തിൽ മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകൾക്കൊപ്പം പൂജ്യമായി സൂക്ഷിച്ചുവരുന്നതിനിടെ ചില കാരണങ്ങളാൽ ആശ്രമം അടച്ചുപൂട്ടി.
തുടര്ന്നു തിരുശേഷിപ്പുകൾ ലോകത്തിലെ മറ്റു പല ദേവാലയങ്ങളിലേക്കു കൊണ്ടുപോയി. ക്രിസ്തുവിന്റെ മുടി അടങ്ങിയ പേടകം ഇറ്റലിയിലെ പള്ളിവികാരിയായ ഫാ. സ്റ്റെഫാനോയ്ക്കു ലഭിക്കുകയായിരുന്നു. ഇതാണ് ഫാ. ജോണ്സണ് തൗണ്ടയലിന്റെ സഹായത്താൽ തങ്കിപ്പള്ളിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Leave a Reply