ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൈനോൾട്ടിൽ 14 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാജമൊട്ടാകെ വൻ ഞെട്ടലാണ് ഉളവാക്കിയത്. ഡാനിയൽ അൻജോറിൻ എന്ന സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത് എന്നത് ദുരന്തത്തിന് കൂടുതൽ മാനങ്ങൾ നൽകി. സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .
കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു . ചൊവ്വാഴ്ച നടന്ന ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാൾ തന്റെ ജീവൻ രക്ഷിച്ചതിന് എൻ എച്ച് എസിന് നന്ദി പറഞ്ഞു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ആക്രമണത്തിനിടെ 35 കാരനായ ഐടി എഞ്ചിനീർ ഹെൻറി ഡി ലോസ് റിയോസ് പോളനിയയുടെ കൈയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു . ഹെൻറി താൻ ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചു വരുന്നതിന്റെ ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. താൻ ഇനിയും സുഖം പ്രാപിക്കാനുണ്ട് എന്ന അർത്ഥത്തിൽ എനിക്ക് ഒരു നീണ്ട യാത്രയുണ്ട് ( I have a long Journey) എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈനോൾട്ടിൽ നിന്നുള്ള ഡി ലോസ് റിയോസ് പോളനിയയെ അദ്ദേഹത്തിൻ്റെ സഹോദരി ജെസീക്ക (31) തൻ്റെ കുടുംബത്തെ സംരക്ഷിച്ച ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം . എന്നെ ജീവനോടെ നിലനിർത്തിയതിന് എൻഎച്ച്എസിലെ എല്ലാ നഴ്‌സുമാർക്കും പാരാമെഡിക്കുകൾക്കും ഡോക്ടർമാർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ഒരു പോസ്റ്റിൽ മിസ്റ്റർ ഡി ലോസ് റിയോസ് പോളനിയ പറഞ്ഞു.
Leave a Reply