ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഡ്രൈവിംഗ് ലൈസൻസ് ബുക്കിംഗ് സിസ്റ്റത്തിലെ പിഴവുകൾ കാരണം ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യുന്നത് ദുഷ്കരമായി തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യുന്നതിനുള്ള ഏകമാർഗ്ഗം ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) വെബ്‌സൈറ്റ് വഴിയാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 6 മണിക്ക് ഡിവിഎസ്എയുടെ വെബ്സൈറ്റിൽ ബുക്കിംഗ് ആരംഭിക്കുമെങ്കിലും ടെസ്റ്റ് സ്ലോട്ടുകൾ കിട്ടാറില്ലന്നതാണ് വ്യാപകമായി ഉയർന്നുവരുന്ന പരാതി.
പല വ്യക്തികളും സ്ഥാപനങ്ങളും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതാണ് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഡിവിഎസ്എയുടെ ഉപയോഗ നിബന്ധനകളുടെ ലംഘനമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബുക്കിംഗ് സേവനം ദുരുപയോഗം ചെയ്തതിന് ഡിവിഎസ്എ 800-ലധികം ബിസിനസ് അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി ആണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . 62 പൗണ്ട് ഫീസിനു പുറമേ ഒരു ഇടനിലക്കാരന് നൂറുകണക്കിന് പണം നൽകാൻ തയ്യാറല്ലെങ്കിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റ് ലഭിക്കാൻ ശരാശരി അഞ്ച് മാസമെടുക്കും എന്നതാണ് നിലവിലെ ദുരവസ്ഥ.
ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത്. പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. യുകെയിൽ തന്നെ സ്കോട്ട് ലൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ്. 23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്.
Leave a Reply