ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കേരളത്തിൽ പ്ലസ് ടു പഠനത്തിനുശേഷം നേഴ്സിംഗ് പാസ്സായി യുകെയിലേയ്ക്ക് പറക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്ന പ്രവണത. കോവിഡിന് ശേഷമുള്ള പ്രതിസന്ധി തരണം ചെയ്യുവാൻ വിമാന ടിക്കറ്റ് താമസ സൗകര്യവും ഉൾപ്പെടെ നൽകിയാണ് എൻ എച്ച് എസ് യുകെ നേഴ്സുമാരെ റിക്രൂട്ട് ചെയ്തത്. ഇതോടെ കേരളത്തിൽ മറ്റ് കോഴ്സുകളെക്കാൾ നേഴ്സിങ്ങിന് പ്രചരണം ശക്തമായി. നേഴ്സിങ് മെറിറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിക്കാനായി 99% മാർക്ക് വരെ ആവശ്യമാണെന്ന സാഹചര്യം പോലും ഉണ്ടായി. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അപ്പാടെ മാറിമറിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ നേഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്ന എന്‍എച്ച്എസ് യുകെ ഇപ്പോൾ കടുത്ത സാമ്പത്തിക ബാധ്യത മൂലം വിദേശ നേഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏകദേശം ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 20 ബില്യണ്‍ എന്ന കൂറ്റന്‍ തുക ബ്രിട്ടീഷ് സർക്കാരിന് മുകളിൽ വാൾ പോലെ തൂങ്ങുമ്പോൾ എൻ എച്ച്എസിനു പോലും ഫണ്ടുകൾ മാറ്റിവയ്ക്കാൻ ആകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ വിദേശ റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എൻഎച്ച്എസ്.
ഇതോടൊപ്പം തന്നെ ഇതും കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് യുകെയിൽ എത്തിയ നേഴ്സുമാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. യുകെയില്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കുകൾ പ്രകാരം എന്‍എംസി രജിസ്റ്ററില്‍ രണ്ടു ലക്ഷം വിദേശ നേഴ്സുമാരാണ് നിലവിൽ യു കെയിൽ ഉള്ളതെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഇംഗ്ലണ്ടിലെ ആകെ നേഴ്സിംഗ് വര്‍ക്ക് ഫോഴ്സിന്റെ 23.8 ശതമാനവും വിദേശ വംശജ നേഴ്സുമാര്‍ ആയി മാറിയിരിക്കുകയാണ്. എന്നാൽ മുന്‍വര്‍ഷത്തേക്കാള്‍ 16.6 ശതമാനം കുറവ് വിദേശ നേഴ്സുമാരാണ് 2024 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തു യുകെയില്‍ എത്തിയത്. എന്നാല്‍ ഇതേ മാസത്തെ കണക്കുകളില്‍ എന്‍എംസി രജിസ്റ്ററില്‍ നിന്നും കൊഴിഞ്ഞു പോയ വിദേശ നേഴ്സുമാരുടെ എണ്ണം 33 ശതമാനമാണ് എന്നതും ആശ്ചര്യമുളവാക്കുന്ന വസ്തുതയാണ്. ഇതില്‍ ഏറിയ പങ്കും മലയാളികള്‍ ആകാനുള്ള സാധ്യതയാണ് ഉള്ളത്. യുകെയിലെത്തി ഒന്നോ രണ്ടോ വർഷം ജോലി ചെയ്തതിനുശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.
ഈ ട്രെൻഡിനോടൊപ്പം കേരളത്തിൽ പടർന്നു പന്തലിച്ച ബിസിനസുകളിൽ ഒന്നായിരുന്നു ഭാഷാ പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾ. പതിനായിരങ്ങൾ ഫീസ് വാങ്ങിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നടന്നു വരുന്നത്. ഒ ഇ റ്റി പാസ്സായാൽ എല്ലാമായി എന്ന പ്രചരണമായിരുന്നു ഇവർ നൽകിയത്. എന്നാൽ ഇന്ന് ഭാഷാ ടെസ്റ്റും പാസായി എന്‍എച്ച്എസ് അഭിമുഖവും നടത്തി ഇപ്പോള്‍ ഓഫര്‍ ലെറ്റര്‍ വരും എന്ന് കരുതി കാത്തിരിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അനേകരാണ്. എന്നാൽ അടുത്തകാലത്തൊന്നും പഴയ തോതിലുള്ള റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply