ഈസ്റ്റര്‍ ദിനത്തില്‍ ബ്രിട്ടനില്‍ വലിയ ഗതാഗതത്തിരക്കുണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റര്‍ വീക്കെന്‍ഡിലെ നാല് ദിവസങ്ങളിലായി ഏതാണ്ട് 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തിങ്കളാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പെസഹ വ്യാഴാഴ്ച്ച റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തിരക്കായിരിക്കും ഈ ബാങ്ക് അവധി ദിനങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാരാന്ത്യത്തില്‍ വൈകീട്ട് 4 മുതല്‍ 6 വരെയുള്ള സമയത്തും നാളെ രാവിലെ 10 മുതല്‍ 2 വരെയുള്ള സമയത്തും ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 12 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്തും റോഡുകളില്‍ രൂക്ഷമായ തിരക്കായിരിക്കുമെന്ന് ട്രാഫിക്ക് അനലറ്റിക്‌സ് ഇന്റിക്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്കും നിരത്തില്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. വീക്കെന്‍ഡിലെ പ്രതികൂല കാലാവസ്ഥ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വീക്കെന്‍ഡില്‍ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യയുണ്ട്. കൂടാതെ ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചക്കും ശക്തമായ ശീതക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുള്ളത് ഈസ്റ്റര്‍ തിങ്കളാഴ്ച്ചയാണ്. മെറ്റ് ഓഫീസ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച്ചയ്ക്ക് ഇഗ്ലണ്ട്, വെയില്‍സ്, സതേണ്‍ സ്‌കോട്ട്‌ലണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റോഡിലൂടെയുള്ള യാത്രകളില്‍ തടസ്സം നേരിട്ടേക്കാമെന്നും വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങി പോകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. റെയില്‍, വിമാന സര്‍വീസുകളിലും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം വൈദ്യൂതി വിതരണത്തില്‍ തടസ്സം നേരിട്ടേക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായേക്കും. ഇന്ന് രാത്രി 9 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ സ്‌കോട്ട്‌ലണ്ടിലെ ഹൈലാന്‍ഡുകളില്‍ ഒരു ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ റോഡിലൂടെയുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നാളെ മുതല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. നോര്‍ത്തിലെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയും സൗത്തില്‍ 8 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ സൗത്തില്‍ 1 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. യുകെയിലെ 81 ശതമാനം വരുന്ന വാഹന യാത്രക്കാരും വീക്കെന്‍ഡ് ആഘോഷിക്കാനുള്ള യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതായി എഎ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 20,000 പേരില്‍ നടത്തിയ സര്‍വ്വേ ഈ ദിവസങ്ങളില്‍ റോഡുകളില്‍ 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് വ്യക്തമാക്കുന്നു.
Leave a Reply