ഐവിഎഫ് ചികിത്സക്കുള്ള ഫണ്ടിംഗ് കുറയ്ക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ ശരിയായ വിധത്തിലുള്ള വന്ധ്യതാ ചികിത്സ ലഭിക്കുന്നില്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് നല്‍കുന്നത് ഇപ്പോള്‍ പത്തിലൊന്ന് സെന്ററുകളിലായി ചുരുങ്ങിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. മറ്റൊരു പത്തിലൊന്ന് സെന്ററുകളില്‍ ഫെര്‍ട്ടിലിറ്റി ചികിത്സ പൂര്‍ണ്ണമായും നിര്‍ത്താന്‍ പോകുന്നതായും അഭ്യൂഹമുണ്ട്. പണച്ചെലവ് ഒഴിവാക്കുന്നതിനാണ് എന്‍എച്ച്എസ് നേതൃത്വം ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (നൈസ്) നിര്‍ദേശമനുസരിച്ച് സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മൂന്ന് സൈക്കിള്‍ ചികിത്സ നല്‍കേണ്ടതാണ്. കഴിഞ്ഞ 15 മാസമായി അതില്‍ കൂടുതല്‍ സൈക്കിളുകള്‍ നല്‍കിയിട്ടില്ല. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റുകള്‍ പോലും 16 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ഇപ്പോള്‍ പലരും നെട്ടോട്ടമോടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ചിലര്‍ ഇംഗ്ലണ്ടില്‍ത്തന്നെയുള്ള മറ്റു പ്രദേശങ്ങളില്‍ ചികിത്സക്കായി തെരയുമ്പോള്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് തേടി ബെര്‍ക്ക്ഷയറില്‍ നിന്ന് 200 മൈലുകള്‍ താണ്ടി ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ ഒരു കുടുംബം എത്തിയതായി ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖലയില്‍ വന്‍ തുക വേണ്ടിവരുന്ന ചികിത്സയായതിനാലാണ് പലരും ഈ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Leave a Reply