അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ മെമ്പറും, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയംഗവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പ്രവർത്തകനുമായിരുന്ന ജേക്കബ് ജോർജ്ജ് നാട്ടിൽ നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്. ഒന്നാം ചരമ വാർഷീക പ്രാർത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളിൽ സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരിൽക്കണ്ട് ഹസ്തദാനം ചെയ്ത്, നർമ്മസംഭാഷണങ്ങൾ നടത്തിയും, വിശേഷണങ്ങൾ തേടിയും കൂട്ടത്തിലൊരാളായി നിഴൽപോലെ കണ്ടു വന്നിരുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാർത്ഥത്തിൽ ശോകമൂകമാക്കിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജേക്കബ് ലണ്ടനിലെ ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന ജേക്കബ് ലണ്ടനിൽ കോൺഗ്രസ്സ് നേതാക്കൾ ആരെങ്കിലും എത്തിയാൽ അവിടെ എത്തി കാണുകയും, ഐഒസി യുടെ പരിപാടികളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരാളായിരുന്നു.

സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫ്‌, സാരു ജേക്കബാണ് ഭാര്യ. സാരു ജേക്കബ്, കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമാണ്. ആഗി ആൻ ജേക്കബ് (ഫൈനാൻസ് ഓഫീസർ) മിഗി മറിയം ജേക്കബ് (ആർക്കിടെക്ട്), നിഗ്ഗി സൂസൻ ജേക്കബ് ( ലീഡ്‌സിൽ മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ മരുമകനും ( സ്റ്റീവനേജ്, ലിസ്റ്റർ ഹോസ്പിറ്റൽ ബയോമെഡിക്കൽ എഞ്ചിനീയർ), അഷർ കൊച്ചു മകനുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റീവനേജിൽ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരൻ സാബു ഡാനിയേൽ, പീടികയിൽ നാട്ടിൽ പരേതനോടൊപ്പം ഉണ്ടായിരുന്നു. സംസ്ക്കാരം പിന്നീട് പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. യു കെ യിലുള്ള പരേതന്റെ മക്കൾ നാട്ടിലേക്ക് ഇന്നുതന്നെ തിരിക്കുന്നതാണ്.

യുക്മ നാഷണൽ കമ്മിറ്റിക്കുവേണ്ടി എബി സെബാസ്റ്റ്യൻ, സർഗ്ഗം സ്റ്റീവനേജിനുവേണ്ടി മനോജ് ജോൺ, ഐഒസിക്കുവേണ്ടി ജോണി കല്ലടാന്തിയിൽ, മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ മാത്യു തുടങ്ങിയവർ പരേതന് ആത്മശാന്തി നേരുകയും, സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ജേക്കബ് ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.