തെരേസ മേയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ നടത്തിയ വിപ്ലവം വിജയിക്കാതെ വന്നപ്പോള്‍ പുതിയ തന്ത്രവുമായി ടോറി എംപി ജേക്കബ് റീസ് മോഗ്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇപ്പോള്‍ മേയെ നീക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവുകളെ അവര്‍ തന്നെ നയിക്കുമെന്നും 2022ലെ തെരഞ്ഞെടുപ്പില്‍ മേയുടെ നേതൃത്വം ബ്രെക്‌സിറ്റ് അനുകൂലികള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഗ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ 15 ശതമാനം വരുന്ന 48 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മേയ്‌ക്കെതിരെ അവിശ്വാ പ്രമേയം വോട്ടിനിടാന്‍ കഴിയും. ബാക്ക്‌ബെഞ്ചേഴ്‌സ് 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്കാണ് കത്ത് നല്‍കേണ്ടത്. മേയ് ബ്രെക്‌സിറ്റ് കരട് ധാരണ അവതരിപ്പിച്ച് ആറു ദിവസം പിന്നിട്ടിട്ടും 26 പേര്‍ മാത്രമാണ് ബ്രാഡിക്ക് കത്ത് നല്‍കിയിട്ടുള്ളത്.

ഇതോടെയാണ് പ്രധാനമന്ത്രിക്കെതിരെ പാളയത്തില്‍ പടയ്ക്ക് നേതൃത്വം കൊടുക്കുന്ന മോഗ് തന്ത്രം മാറ്റിയത്. ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് മനസിലായതോടെ അത് ലഭിക്കുന്നതു വരെ ക്ഷമിക്കാം എന്ന നിലപാടിലാണ് മോഗ്. യൂറോപ്പ് വിരുദ്ധ എംപിമാരുടെ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് തലവനായ മോഗ് ഇന്നലെയാണ് നിലപാട് മാറ്റിയത്. 48 പേരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ല. ഇതോടെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ മേയുടെ നേതൃത്വത്തില്‍ അതൃപ്തരാണെന്ന സന്ദേശം അണികളിലും നേതാക്കളിലും എത്തിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ന്നിട്ടും തെരേസ മേയ്ക്ക് കാര്യമായ ഭീഷണിയില്ലെന്നതാണ് വിമത കലാപത്തിന്റെ പരാജയം വ്യക്തമാക്കുന്നത്. ഇപ്പോള്‍ മേയ്‌ക്കെതിരെ കത്തു നല്‍കിയവര്‍ പോലും രഹസ്യമായി അതു വേണ്ടായിരുന്നു എന്ന് സമ്മതിക്കുന്നവരാണെന്നും ചില എംപിമാര്‍ പറയുന്നു. യൂറോപ്പ് വിരുദ്ധരെന്ന് അറിയപ്പെടുന്ന ഇയാന്‍ ഡങ്കന്‍സ്മിത്ത്, ബെര്‍ണാര്‍ഡ് ജെന്‍കിന്‍സ് എന്നിവര്‍ പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കാന്‍ വിസമ്മതിച്ചവരാണ്.