ജേക്കബ് പ്ലാക്കൻ
ആത്മാക്കൾ വർഷത്തിൽ ഒരിക്കൽ തങ്ങളുടെ ഉറ്റവരെ കാണുവാൻ എത്തുമെന്നും അന്നവർ ഉല്ലാസത്തോടെ തങ്ങളോടൊപ്പം കഴിയുമെന്നും ലോകം ഇന്നും വിശ്വസിക്കുന്നു …!
നമ്മൾ “കർക്കിടക വാവുബലിയിടുന്നത് “പോലെ പലരാജ്യങ്ങളിലും പണ്ടു മുതലെ ഉറ്റവരെ ഓർമ്മിക്കാനും
അവരെയോർത്തു ആഹ്ളാദിക്കാനുമായി ഒരു ദിവസം കരുതി വെച്ചിരുന്നു ..
അതെ …അന്ന് അവരെയോർത്തു കരയുകയല്ല ..അവരോടൊത്തു ആനന്ദിക്കുകയാണ് ..അവർക്കിഷ്ടമുള്ള ആഹാരവും പാനീയവും ഒരുക്കിവെച്ചും അതവർ രുചിക്കുമെന്നും
നമ്മളോടൊപ്പം ആടിപ്പാടുമെന്നും മനുഷ്യർ വിശ്വസിക്കുന്നു …അല്ലെങ്കിൽ അവരോടുള്ള സ്നേഹ ബഹുമാനങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമായി കുടുംബ ബന്ധങ്ങളിൽ വിശ്വസിക്കുന്ന ജനസമൂഹം കരുതുന്നു …!
ഇന്നും അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും ആ പിതൃ അനുസ്മരണം വലിയ ആഘോഷങ്ങളായി പിന്തുടരുന്നു …
മെക്സിക്കോ യിലെ നവംബർ മാസം ഒന്നും രണ്ടും തീയതികളിലായി ആഘോഷിക്കുന്ന “മരിച്ചവരുടെ ദിവസം “(Day of the Dead ) ത്തെ കുറിച്ചു നമ്മിൽ പലർക്കും അറിവുണ്ടായിരിക്കും ..
എന്നാൽ യൂറോപ്പിലെ ഏറ്റവും വലിയ “പരേതല്മാ “ക്കളുടെ ആഘോഷം എവിടെയെന്നുള്ള ചോദ്യം ഉയർന്നാൽ ….
അതിനു ഒറ്റ ഉത്തരമേയുള്ളു …
അത് …./
“ഡെറി / ലണ്ടൻ ഡെറി “…
നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സിറ്റി ..
നോർത്ത് അറ്റ്ലാന്റിക് ഓഷ്യനിലെ ദ്വീപായ അയർലണ്ടിലെ “walled city “എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചരിത്ര സമ്പന്നമായ ഡെറി സിറ്റി ….400വർഷങ്ങളിലേറെ പൗരാണികപാരമ്പര്യമുള്ള
മതിൽ കെട്ടിനുള്ളിലെ …
ക്ലാസിക് സിറ്റി …ഡെറി സിറ്റി …!
അതെ ..ഇവിടെയാണ് ..ആത്മാക്കൾക്കു സ്നേഹോഷ്മളമായ വരവേൽപ്പും സ്വീകരണവും നൽകി ബഹുമാനിക്കുന്നത് ..! ഒരു പക്ഷേ ലോകത്തിലേക്കും ഏറ്റവും വലിയ ആഘോഷം …
അതെ അയർലണ്ടിൽ നിന്നും കുടിയേറിയവരാണ് അമേരിക്കയിൽ പോലും ഹാലോവിന്റെ വിത്ത് പാകിയത് …!
ഡെറി സിറ്റി കൗണ്സിലിന്റ ആഭിമുഖ്യത്തിലാണ് ഇന്നിവിടെ ആഘോഷങ്ങൾ എല്ലാം …!
നാലുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ഘോഷങ്ങൾ …എന്നാൽ അതിനെത്രയോ മുമ്പ് തന്നെ സിറ്റി ഉത്സവതിമർപ്പിലെത്തുന്നു .. കടകമ്പോളങ്ങളും മാളുകളും പബ്ബുകളും
(പബ്ബ് എന്നു പറഞ്ഞാൽ ബാർ എന്നാണ് ഉദ്ദേശ്ശിക്കുന്നതെങ്കിലും ..അടിച്ചു പൂസാകുക എന്നോരു ലക്ഷ്യത്തോടെ മാത്രമല്ല അവിടെ ആളുകൾ വരുക. സോഷ്യലൈസ് ചെയ്യുക എന്നൊരു വലിയ ഉദേശ്യവുംകൂടിയുണ്ട് ..മദ്യം ഉപയോഗിക്കാത്തവരും ഇവിടെ വരുകയും സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ചുകൊണ്ട് ആൾക്കാരുമായി ഇടപെടഴുകകയും ചെയ്യുന്നു ..സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാമെത്തുന്ന ഒരു സംസ്കാര ശിലകൂടിയാണ് പബ്ബ് …ഇതൊരു പബ്ലിക് സ്പേസ് ആണ് )ആത്മാക്കളുടെയും മറ്റും വേഷങ്ങളും നമ്മുടെ രക്ത കൊതിയൻ ഡ്രാക്കുള മുതൽ യക്ഷികളും ഭൂത പ്രേതാതികളും ഭാവപ്പകർച്ച കൊണ്ടൊരു പ്രേത ലോകം തീർക്കുന്നു ..ആകെ ഒരു പ്രേത ലോകത്ത് വന്നപോലൊരു തോന്നലാവും ആദ്യം കാണുന്നവർക്കു ..!
ഹാലോവിൻ ആഘോഷങ്ങൾക്കു പിന്നിലുള്ള ചരിത്രം നൂറ്റാണ്ടുകളുടേതല്ല …നൂറ്റാണ്ടുകൾ സഹസ്രങ്ങൾക്ക് പിന്നിലേക്ക് പായുന്നിടത്താണ് ചരിത്രാരംഭം കാണുവാൻ കഴിയുക …!
അയർലണ്ടിൽ ക്രിസ്തുമതം എത്തുന്ന അഞ്ചാം നൂറ്റാണ്ടിന് മുൻപ് ഈ ദ്വീപിൽ നിലനിന്നിരുന്ന യൂറോപ്പ്യൻ പേഗനിസത്തിന്റെ മറ്റൊരു രൂപമായിരുന്ന സെൽറ്റിക് വിശ്വാസത്തിന്റെ ഉൾവഴികളിൽ നിന്നാണ് ഈ പരേതാത്മാക്കളോടുള്ള സ്നേഹ ബഹുമാന ആഘോഷത്തിന്റെ തുടക്കം …!
ഒക്ടോബർ മാസത്തോടെ വേനലും വിളവെടുപ്പുംപൂർണ്ണമായി കഴിയുന്നു ..!പിന്നെ നീണ്ട ശൈത്യത്തിന്റെ ഇരുണ്ടു നീണ്ട രാത്രികൾ തുടങ്ങുകയായി ..!മറ്റൊരു രീതിയിൽ പറഞ്ഞാൽ മരണത്തിന്റെ നാൾവഴികൾ …പ്രകൃതിയുടെ ജീവന്റെ കാലമായ പ്രകാശമാസങ്ങൾ കഴിഞ്ഞു നിർജ്ജീവപ്രകൃതിയുടെ ഇരുണ്ട കാലം തുടങ്ങുകയായി …ഈ പേക്കാലം ആരൊക്കെ അതിജീവിക്കുമെന്നു ഒരു ഉറപ്പുമില്ലാത്ത നാളുകൾ …!തണുത്തുറഞ്ഞ അതി ശൈത്യകാലത്തിന്റെ പിറവി ..
ഇത് അവരുടെ പുതുവർഷ പിറവി കൂടിയായിരുന്നു ..!വർഷത്തെ അവർ രണ്ടായി പകുത്തിരുന്നു ….മേയ് മാസം മുതലുള്ള പ്രകാശ കാലവും നവംബർമാസത്തോട്ടുള്ള ഇരുണ്ട കാലവും …പുതുവർഷപിറവിയുടെ തലേന്നാൾ അവരുടെ മരിച്ചുപോയ ആത്മാക്കൾ അവരെ സന്ദർശിക്കാൻ എത്തുമെന്നവർ കരുതിയിരുന്നു …അന്നവർ പരേതത്മാക്കൾക്കു ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കി നൽകി …അവരോടൊപ്പം ആത്മാക്കൾ ആനന്ദിക്കുന്നതായി വിശ്വസിച്ചു …!ആത്മാക്കളെ പോലവർ മൃഗ തോലും തലകളുമൊക്കെ കൊണ്ടു വേഷപ്രച്ഛന്നരായി ..ആത്മാക്കളെ സന്തോഷിപ്പിച്ചാൽ ഇരുണ്ട നാളുകളിൽ അവർ അവരെ കാത്തുകൊള്ളുമെന്നവർ വിശ്വസിച്ചു …!
ഈ വിശ്വാസത്തിൽ നിന്നുമാണ് ഇന്നത്തെ ഹാലോവിൻ ആഘോഷങ്ങളീലേയ്ക്കുള്ള യാത്രയുടെ തുടക്കം കുറിച്ചത് …
Trick-or-treating
ഒക്ടോബർ 31-ാം തീയതി കുട്ടികളും മുതിർന്നവരും സന്ധ്യാസമയം ആകുമ്പോഴേക്കും പ്രേതത്മാക്കളുടെയും മറ്റുമുള്ള വേഷം കെട്ടുന്നു ..ചിലർ പുണ്യത്മാക്കളുടെയും …Trick-or-treating നായി വീടുകൾ തോറും കയറുന്നു ..
ഇതും ഹാലോവിൻ ആഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാണ് ..അങ്ങനെ വരുന്നവർക്ക് മിഠായികളും പഴങ്ങളും ഒക്കെ നൽകുന്നതാണ് സർവസാധാരണമായ മര്യാദ …വീട്ടുകാർ അതിലേക്കായി സമ്മാനങ്ങളും മിഠായികളും ഒക്കെ നേരത്തെ വാങ്ങി സൂക്ഷിക്കുന്നു ..അമേരിക്കയിൽ അവർ ഒരു വർഷം ഉപയോഗിക്കുന്ന മിഠായികളിൽ 1/3ഭാഗവും വിൽക്കപ്പെടുന്നത് ഹാലോവിൻ സമയത്താണ് എന്നുപറയുമ്പോൾ ട്രെക്കോ ഓർ ട്രീറ്റിന്റെ പ്രാധാന്യം നമുക്ക് മനസിലാക്കാൻ കഴിയുന്നതേയുള്ളൂ ..!
ഡെറിയിൽ ഹാലോവീൻ ഇന്നത്തെ രൂപത്തിൽ സിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ
ഒരു ഓർഗനൈസ് ഡ് സംവിധാനത്തിൽ ആഘോഷിക്കപ്പെടുവാൻ തുടങ്ങിയത് 1986മുതലാണ് ..ആരംഭം ഗിൽഡ് ഹാൾ (ടൗൺ ഹാൾ )മുന്നിലെ ചെറിയ ഒരു സംഗീത നിശയായിട്ടായിരുന്നു ….ഇതിനു കാരണമോ ഒരു പബ്ബ് ഉടമസ്ഥന്റെ തീരുമാനവും ..1985ഒക്ടോബർ 31നു വേഷപ്രച്ഛന്നരായി പബ്ബിൽ എത്തുന്നവരിൽനിന്നും ഏറ്റം നല്ല വേഷം കെട്ടുന്നവർക്കു സമ്മാനം എന്നദ്ദേഹം രണ്ടുമൂന്നു ദിവസം മുമ്പ് പ്രഖ്യാപിക്കുന്നു …ആ ഹാലോവീൻ ദിവസം ഏതാണ്ട് 60ഓളം പേർ വേഷപ്രച്ഛന്നരായി വന്നു ..ജനങ്ങൾ അവരോടൊപ്പം കൂടി ..അതൊരു മഹാ ഉത്സവത്തിന്റെ കൊടിയേറ്റമായിമാറുകയായിരുന്നു …!ഈ സംഭവം സിറ്റി കൗൺസിൽ ഏറ്റെടുക്കുകയായിരുന്നു … പിന്നീട് വർഷങ്ങൾ തോറും അത് വികസിക്കുകയും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന വിനോദസഞ്ചാര വാരമായി മാറുകയും ചെയ്തു ..!
വിവിധ വിനോദ പ്രദർശനങ്ങളും നാടോടി കഥകളും അതിപ്രാചിനസംസ്കൃതികളുടെ പുനർവായനയും പാട്ടും കൂത്തും ഡാൻസും കലാപരിപാടികളും സാഹിത്യസദസ്സുകളും കൊണ്ടൊരു വമ്പൻ ഉത്സവമേളം തീർത്തു ഡെറി സിറ്റി ലോകത്തെ തന്നിലേക്ക് ആവാഹിക്കുകയാണ് ..!
ഒക്ടോബർ 31നു സിറ്റിയുടെ വീഥികളിലൂടെ നടക്കുന്ന വേഷപ്രച്ഛന്ന പരേഡിൽ പതിനായിരങ്ങളാണ് വേഷം കെട്ടി പങ്കെടുക്കുക …
പിന്നാലെ വളരെ വീതിയിൽ പരന്നൊഴുകുന്ന ഫോയിൽ റിവറിന്റെ മാറത്തു കിടക്കുന്ന ഷിപ്പിൽ നിന്നുള്ള വെടിക്കെട്ടോടെ 2022ലെ ആത്മാക്കളുടെ ദിവസത്തെ ആഘോഷം പൊടിപൊടിച്ചു കൊടിയിറങ്ങും …!
അതെ ഹാലോവിൻ ആഘോഷിക്കണമെങ്കിൽ അത് ഡെറി /ലണ്ടൻ ഡെറി തന്നെയായിരിക്കണം ..!
പക്ഷേ നമ്മുടെ പൂരത്തിന്റെ കാര്യം പോലെയാണ് ഹോട്ടൽ റൂം കിട്ടണമെങ്കിൽ മാസങ്ങൾമുമ്പേ ശ്രമിച്ചാലേ ലഭിക്കാൻ സാധ്യതയുള്ളൂ …അത്ര തിരക്കാണ് …
സമാധാനത്തിന്റെ പാലമായ പീസ് ബ്രിഡ്ജിലൂടെ ഒന്ന് നടന്നു ഫോയിൽ നദി കുറുകെ കടന്ന് ഏബ്രിങ്ടൺ സ്ക്വാർ -ലെ വർണ്ണ പ്രപഞ്ചം കണ്ടൊരു കാപ്പിയും കുടിച്ചിരിക്കാൻ ആരാണ് കൊതിക്കാത്തത് …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
Leave a Reply