ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ കമ്പനി തങ്ങളുടെ പുതിയ അഞ്ചാം ജനറേഷൻ റേഞ്ച് റോവർ പുറത്തിറക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സൊളിഹള്ളിലുള്ള ലോഡ് ലെയ്‌ൻ പ്ലാന്റിലാണ് പുതിയ വാഹനം നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ, മൂന്നു നിരകളിലായി പുതിയ മോഡലിൽ സീറ്റുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി വാഹനങ്ങൾ, ഏറ്റവും മികച്ച ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജാഗ്വാർ സി ഇ ഒ തിയറി ബോലോർ വ്യക്തമാക്കി. സ്റ്റാൻഡേർഡ് വീൽബേസ് മോഡലും, ലോങ്ങ്‌ വീൽബേസ് മോഡലും ഒരേസമയം പുറത്തിറക്കിയിട്ടുണ്ട്. രണ്ടു മോഡലിലും അഞ്ചു സീറ്റ് വീതം ലഭ്യമാണെങ്കിലും, ലോങ്ങ്‌ വീൽ ബേസ് മോഡലിൽ 7 സീറ്റ് ഉള്ളത് പുറത്തിറക്കിയിട്ടുണ്ട്.


കഴിഞ്ഞ 50 വർഷത്തെ പാരമ്പര്യത്തിൽനിന്ന് ഉൾക്കൊണ്ട് ഏറ്റവും മികച്ച ടെക്നോളജി രേഖപ്പെടുത്തിയാണ് വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവിധ സർഫസുകളിലൂടെയും സുഗമമായ യാത്ര ഈ വാഹനം പ്രദാനം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ക് റോജർസ് വ്യക്തമാക്കി. 13.1 ഇഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീൻ സംവിധാനമാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ് ഉപഭോക്താക്കൾക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.