ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാഹന പ്രേമികൾക്ക് പുതിയ പ്രതീക്ഷകൾ നൽകി ഇന്ത്യൻ കമ്പനിയായ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ പുതിയ ഇലക്ട്രിക് കാറിൻറെ മോഡൽ അവതരിപ്പിച്ചു. ജാഗ്വാറിൻ്റെ പുതിയ ഹൈബ്രിഡ് മോഡൽ കാറിനെ കുറിച്ച് ഉള്ള വാർത്തകൾ വളരെ നാളുകളായി കളം പിടിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം കാറിൻറെ ഡിസൈൻ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു . ഇതിനെ തുടർന്നാണ് കാറിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കിടുവാൻ ജാഗ്വാർ നിർബന്ധിതരായത്.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് പുതിയ ഡിസൈനിൽ ഒട്ടേറെ സവിശേഷതകൾ ഉണ്ടെന്നാണ് വാഹന രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു സമ്പൂർണ്ണ ഇലക്ട്രിക് കാർ നിർമ്മാതാവായി മാറുന്നതിന്റെ മുന്നോടിയായി ആണ് പുതിയ ഡിസൈനും ലോഗോയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവിട്ടത്. പുതിയ ഡിസൈൻ പുറത്തു വന്നതോടെ ചോർന്ന ചിത്രങ്ങളും യഥാർത്ഥമാണെന്ന് തെളിഞ്ഞു.
2025 ഓടെ പുതിയ കാർ നിരത്തിലിറങ്ങാൻ സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണമായും ചാർജ് ചെയ്തു കഴിഞ്ഞാൽ 478 മൈൽ വരെ യാത്ര ചെയ്യാൻ കഴിയുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. വേഗത്തിലുള്ള ചാർജിങ് സംവിധാനത്തിലൂടെ 15 മിനിറ്റിനുള്ളിൽ 200 മൈൽ വേണ്ട ചാർജ് സംഭരിക്കാൻ കഴിവുള്ള ബാറ്ററിയാണ് കാറിൻറെ മറ്റൊരു പ്രത്യേകത. യഥാർത്ഥ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 100,000 പൗണ്ടിലധികം വില വരുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 2026 ഓടെ പുതിയ മൂന്നു കാറുകളും വിപണിയിൽ ഇറക്കാനുള്ള പദ്ധതി കമ്പനി തയ്യാറാക്കുന്നുണ്ട്.
Leave a Reply