പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ചു. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരമാണിത്. അസെര്‍ബൈജനില്‍ നടന്ന യുനെസ്‌കോ ലോക ഹെറിറ്റേജ് കമ്മിറ്റിയുടെ 43-ആമത് സെഷനിലാണ് ഈ തീരുമാനം ഉണ്ടായത്.
ജയ്പൂരിനു പുറമേ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 36 സ്ഥലങ്ങളാണ് കമ്മിറ്റി പരിശോധിച്ചത്. ഇതോടെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 38 ആയി. 30 സാംസ്‌കാരിക കേന്ദ്രങ്ങളും 7 പ്രകൃതി കേന്ദ്രങ്ങളും ഇത് രണ്ടും ചേര്‍ന്ന ഒരു കേന്ദ്രവുമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2017 ലാണ് ഇന്ത്യയില്‍ ആദ്യമായി യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടുന്ന നഗരമായി ഹൈദരാബാദ് മാറുന്നത്.
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ നിര്‍മ്മിച്ച ഈ നഗരം ആസൂത്രണത്തിലും വാസ്തുവിദ്യയിലും മാതൃകാപരമായ നേട്ടമാണ് കൈവരിച്ചത്. പുരാതന ഹിന്ദു, മുഗള്‍, സമകാലീന പാശ്ചാത്യ ആശയങ്ങളുടെ ഏറ്റവും മനോഹരമായ മിശ്രണമാണ് നഗര ആസൂത്രണത്തില്‍ കാണുന്നതെന്ന് യുനെസ്‌കോ അഭിപ്രായപ്പെട്ടു.
കോട്ടകള്‍, കൊട്ടാരക്കെട്ടുകള്‍, ഹവേലികള്‍ എന്നിങ്ങനെ ലോകത്തെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ. ഗോവിന്ദ് ദേവ് ക്ഷേത്രം, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ഹവ മഹല്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് പിങ്ക് സിറ്റിക്ക് പുതിയ പദവി നേടിക്കൊടുത്തത്.
Leave a Reply