ചരിത്രവിജയങ്ങളായ ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി വേഷമിട്ട സർ റോജർ മൂർ (89) അന്തരിച്ചു. കാൻസറിനു ചികിത്സയിലായിരുന്ന റോജർ മൂർ സ്വിറ്റ്സർലൻഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. മൊണോക്കയിലാകും സംസ്കാരചടങ്ങുകൾ എന്നാണു വിവരം.
യുകെയിലെ സ്‌റ്റോക്ക് വെല്ലിലാണു ജനനം. ഏഴുവട്ടം റോജർ മൂർ 007 ആയി. ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തെ സർ പദവി നൽകി ആദരിച്ചു. ‘‘ലിവ് ആൻഡ് ലെറ്റ് ഡൈ’’ (1973) ആണ് ആദ്യ ബോണ്ട് ചിത്രം. നാൽപത്തിയാറാം വയസ്സിലാണു ബോണ്ട് പരമ്പരയിലെ അരങ്ങേറ്റം. ഈ പടത്തിൽ 007 ആയി വേഷമിടാൻ ഷോൺ കോണറിക്ക് 55 ലക്ഷം ഡോളർ വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. അദ്ദേഹമാണ് റോജർ മൂറിനെ ഈ വേഷത്തിലേക്കു നിർദേശിച്ചത്. റോജർ മൂറിന്റെ രണ്ടാമത്തെ ബോണ്ട് ചിത്രം ‘‘ദ് മാൻ വിത്ത് ഗോൾഡൻ ഗൺ’ 1974ൽ പുറത്തിറങ്ങി. ഏറ്റവും കലൿഷൻ കുറഞ്ഞ ബോണ്ട് ചിത്രങ്ങളിലൊന്നാണിത്.
1977ൽ റിലീസ് ചെയ്ത ‘‘ദ് സ്‌പൈ ഹൂ ലവ്‌ഡ് മീ’’ക്കു മൂന്ന് ഓസ്‌കർ നാമനിർദേശങ്ങൾ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു ഓസ്കാർ നോമിനേഷൻ. ‘‘മൂൺ റേക്കർ’’ (1979), ‘‘ഫോർ യുവർ ഐസ് ഒൺലി’ ’ (1981), ‘‘ഒക്‌ടോപസി’’ (1983), ‘‘എ വ്യൂ ടു എ കിൽ’’ (1985) എന്നിവയാണ് റോജർ മൂറിന്റെ മറ്റുചിത്രങ്ങൾ.
Leave a Reply