സെലിബ്രിറ്റി ഷെഫ് ജാമീ ഒലിവറിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സാമ്രാജ്യം തകര്‍ന്നു. യുകെയിലെ 25 റെസ്‌റ്റോറന്റുകളില്‍ 22 എണ്ണത്തിനും താഴുവീണു. ആയിരത്തോളം പേര്‍ക്കാണ് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമായത്. ജാമിയുടെ ബിസിനസ് സാമ്രാജ്യം ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷനിലാണ്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ മൂന്ന് ഔട്ട്‌ലെറ്റുകള്‍ മാത്രമേ ഇനി തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ബിസിനസ് ഏറ്റെടുത്തു നടത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആളുകളെ അന്വേഷിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരും ജോലി നഷ്ടമാകുന്ന അവസ്ഥയിലാണ്. തന്റെ ബിസിനസ് സംരംഭത്തിനു നേരിട്ട തകര്‍ച്ചയില്‍ ദുഃഖമുണ്ടെന്ന് ജാമി ഒലിവര്‍ പറഞ്ഞു.
2002ല്‍ ലണ്ടനിലാണ് റെസ്‌റ്റോറന്റ് ശൃംഖല പ്രവര്‍ത്തനം ആരംഭിച്ചത്. ഫിഫ്റ്റീന്‍ റെസ്റ്റോറന്റില്‍ ആരംഭിച്ച ബിസിനസ് പിന്നീട് 25 റെസ്റ്റോറന്റുകളിലേക്ക് വളര്‍ന്നു. 2008ലാണ് ജാമീസ് ഇറ്റാലിയന്‍ ആരംഭിച്ചത്. ഇത് 22 ജാമീസ് ഇറ്റാലിയനുകളിലേക്കും ഫിഫ്റ്റീന്‍, ബാര്‍ബെകോവ, ജാമീസ് ഡൈനര്‍ തുടങ്ങിയവയിലേക്കും വളരുകയായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം ജീവനക്കാരും സപ്ലയര്‍മാരുമാണെന്ന് ജാമി പറയുന്നു. ബിസിനസിന്റെ തകര്‍ച്ച അവര്‍ക്കുണ്ടാക്കുന്ന വിഷമം തനിക്ക് മനസിലാകുമെന്നും ജാമി പറഞ്ഞു. ചൊവ്വാഴ്ചയാണ് കമ്പനിയെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഏല്‍പ്പിച്ചത്. കെപിഎംജിയാണ് അഡ്മിനിസ്‌ട്രേറ്റര്‍.
വിദേശത്തെ 61 ഔട്ട്‌ലെറ്റുകളെ ഈ അഡ്മിനിസ്‌ട്രേഷന്‍ ബാധിക്കില്ലെന്നാണ് വിവരം. 25 ജാമി ഇറ്റാലിയനുകളും കോണ്‍വാളിലെ ഫിഫ്റ്റീനും ഉള്‍പ്പെടെയുള്ള ഈ ഔട്ട്‌ലെറ്റുകള്‍ ഫ്രാഞ്ചൈസികളാണ് നടത്തിവരുന്നത്. അമേരിക്കന്‍ കേറ്ററര്‍ ആയ അരാമാര്‍ക്കുമായി ഏര്‍പ്പെട്ടിരിക്കുന്ന 10 വര്‍ഷത്തെ കരാറിനെയും ഇത് ബാധിക്കില്ല. യുകെയിലെയും മറ്റു രാജ്യങ്ങളിലെയും യൂണിവേഴ്‌സിറ്റികളിലും ആശുപത്രികളിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനുള്ള കരാറാണ് ഇത്.
Leave a Reply