ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്വിന്‍ഡണിലെ നിര്‍മാണ പ്ലാന്റ് അടച്ചു പൂട്ടാന്‍ തീരുമാനിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. 2022 ഓടെ പ്ലാന്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. ഇതോടെ 3500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്ലാന്റ് അടച്ചുപൂട്ടല്‍ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് വിവരം. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയ്ക്ക് വീണ്ടും ആഘാതമാകുകയാണ് ഈ തീരുമാനം. ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്ന ഈ നീക്കത്തിന് കാരണം പ്രധാനമന്ത്രിയുടെ സമീപനമാണെന്ന കുറ്റപ്പെടുത്തലുമായി യുണൈറ്റ് രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ സ്വീകരിച്ച നിലപാടുകളെയാണ് യൂണിയന്‍ കുറ്റപ്പെടുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംബന്ധിച്ചുള്ള ആശങ്കകളാണ് നിലവിലുള്ള അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുണൈറ്റ് വിശദീകരിച്ചു.

സ്വിന്‍ഡണ്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ടു ചെയ്ത പ്രദേശമാണ്. എന്നാല്‍ ഹോണ്ടയ്ക്ക് യൂറോപ്പില്‍ ആകെയുള്ള നിര്‍മാണ പ്ലാന്റ് ഇവിടെയാണെന്നതാണ് വസ്തുത. ഈ പ്രദേശത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവും ഹോണ്ടയുടെ ഈ പ്ലാന്റ് തന്നെയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് എക്‌സ്-ട്രെയില്‍ നിര്‍മാണം ആരംഭിക്കാനുള്ള പദ്ധതി നിസാന്‍ ഉപേക്ഷിച്ചത്. ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടയില്‍ മറ്റ് വ്യവസായങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ഇവിടെ തുടരുമെന്ന് ഉറപ്പു പറഞ്ഞിരുന്ന കമ്പനിയാണ് നിസാന്‍. ബ്രിട്ടനില്‍ 4500 ജീവനക്കാരെ കുറയ്ക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും പ്രഖ്യാപിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോ ഡീല്‍ ബ്രെക്‌സിറ്റ് ദുരന്തം വിതയ്ക്കുമെന്ന് ഫോര്‍ഡ് നേതൃത്വം പറയുന്നു. 1000 ജീവനക്കാരെ കുറയ്ക്കുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയത്. വെയില്‍സിലെ ബ്രിഡ്‌ജെന്‍ഡിലെ പ്ലാന്റിലെ ജീവനക്കാരെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹോണ്ട നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമായിരിക്കും തങ്ങള്‍ക്കുണ്ടാകുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.