ടോക്യോ: സയനൈഡിനേക്കാള്‍ മാരക വിഷമുള്ള മത്സ്യം വിപണിയിലെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജാപ്പനീസ് നഗരം. ഗാമഗോരി നഗരത്തില്‍ വില്‍പനക്കെത്തിച്ച ഫുഗു മത്സ്യത്തിലാണ് മാരക വിഷാംശം ഉള്ളതായി സ്ഥിരീകരിച്ചത്. കൊടുംവിഷമടങ്ങിയ ഈ മത്സ്യം ജപ്പാനിലെ സുഷി വിഭവങ്ങളിലും സൂപ്പുകളിലും വിലപിടിച്ച ഒന്നാണ്. ഇവയുടെ തൊലിയിലും ആന്തരികാവയവങ്ങലും സയനൈഡിനേക്കാള്‍ 1200 മടങ്ങ് ശേഷിയുള്ള ടെട്രോഡോടോക്‌സിന്‍ വിഷമാണേ്രത അടങ്ങിയിരിക്കുന്നത്. കരള്‍ നീക്കം ചെയ്യാത്ത ഫുഗു വിപണിയിലെത്തിയതായി സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ എമര്‍ജന്‍സി മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
വിഷാംശമുള്ള ഫുഗു മത്സ്യത്തിന്റെ അഞ്ച് പാക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഇവയില്‍ മൂന്നെണ്ണം കണ്ടെത്താനായിട്ടുണ്ട്. ബാക്കി രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ആര്‍ക്കും വിഷബാധയേറ്റതായി കണ്ടെത്തിയിട്ടില്ല. ഇതോടെ ഫുഗു കഴിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജപ്പാനിലെ മുന്തിയ വിന്റര്‍ വിഭവങ്ങളിലൊന്നായ ഫുഗു തയ്യാറാക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇതിനായി ഷെഫുമാര്‍ക്ക് പ്രത്യേക ലൈസന്‍സും വേണം. ഇത് ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷം നീളുന്ന പരിശീലനവും ഒടുവില്‍ യോഗ്യതാ പരീക്ഷയും പാസാകണം. ഈ പരീക്ഷയില്‍ പങ്കെടുക്കുന്ന 30 ശതമാനം പേര്‍ക്ക് മാത്രമേ ഈ ലൈസന്‍സ് ലഭിക്കാറുള്ളുവെന്നത് ഈ ഡിഷ് കൈകാര്യം ചെയ്യുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നു.
സുഷി ഡിഷുകളില്‍ നല്‍കുന്ന ഫുഗു പച്ചക്ക് കഴിച്ചാല്‍ അല്‍പം ലഹരി പോലും കിട്ടുമത്രേ. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരേറെയാണ്. ഇതിന്റെ കരളില്‍ അടങ്ങിയിരിക്കുന്ന വിഷം നാഡീ വ്യവസ്ഥയെയാണ് ബാധിക്കുക. പിന്നീട് ശ്വസന സംവിധാനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യും. 2005നും 2015നുമിടയില്‍ 11 പേര്‍ ഫുഗു വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. 359 പേര്‍ ചികിത്സയും തേടി. പഫര്‍ ഫിഷ് ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഫുഗു.
Leave a Reply