ന്യൂഡൽഹി∙ സൈന്യത്തിലെ മോശം ആഹാരത്തെക്കുറിച്ച് പരാതിപ്പെട്ട ജവാൻ തേജ് ബഹാദൂർ യാദവിനെ ബിഎസ്എഫ് പുറത്താക്കി. സ്റ്റാഫ് കോർട്ട് ഓഫ് എൻക്വയറിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ തേജ് ബഹാദൂർ യാദവ് പറയുന്നത് കള്ളമാണെന്നു കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. സൈന്യത്തിനെതിരെ സമൂഹമാധ്യമത്തിൽ വിഡിയോ അപ്‌ലോഡ് ചെയ്തതും നടപടിക്ക് കാരണമായി. വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയിൽ അപ്പീൽ നൽകാം.
വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ യാദവ് വ്യക്തമാക്കി. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു നൽകുന്നതു മോശം ഭക്ഷണമാണെന്നും പലപ്പോഴും ഭക്ഷണമില്ലാതെ കഴിയേണ്ടിവരുന്നതായും തേജ് ബഹാദൂർ ആരോപിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ തേജ് ബഹാദൂർ കുറ്റപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ അദ്ദേഹത്തെ ജമ്മുവിലെ തന്നെ മറ്റൊരു ബിഎസ്എഫ് ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.
Leave a Reply