ഷിബു മാത്യൂ
പ്രസ്റ്റണ്‍. പ്രസ്റ്റണില്‍ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ അന്തിമോപചാരമര്‍പ്പിച്ചു. പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. മാത്യൂ പിണക്കാട്ട് അനുശോചന സന്ദേശം നല്‍കി. കര്‍ത്താവിന്റെ പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക് യാത്രയാകുവാന്‍ ആത്മീയമായി ഒരുങ്ങി വിശുദ്ധ കുര്‍ബാന സ്വീകരിച്ചാണ് ജയ കടന്നു പോയത്. മാതൃകയായ ഒരു കുടുംബിനിയായിരുന്നു ജയയെന്നും ക്രൈസ്തവരായ നമ്മള്‍ അത് മാതൃകയാക്കണമെന്നും തന്റെ അനുശോചന സന്ദേശത്തില്‍ ഫാ. മാത്യൂ പിണക്കാട്ട് പറഞ്ഞു. ജയ ചേച്ചി കണ്ണുകളടച്ചത് സമൂഹത്തിലെ തിന്‍മകള്‍ക്ക് നേരെ, സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനായിരുന്നുവെന്ന് ഫാ. പിണക്കാട്ട് കൂട്ടിച്ചേര്‍ത്തു. ഫാ. മാത്യൂ മുളയോലില്‍ദേവാലയ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ ശുശ്രൂഷകള്‍ക്ക് ശേഷം ജയയുടെ മക്കളായ നിമിഷയും നോയലും ജയ അമ്മയുമായുള്ള തങ്ങളുടെ അനുഭവം പങ്കുവെച്ചു.
തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. ബന്ധുക്കളും , സുഹൃത്തുക്കളുമായി സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാന്‍ യുകെയുടെ പല ഭാഗത്തു നിന്നും നിരവധിയാളുകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നേരത്തേ തന്നെ എത്തിച്ചേര്‍ന്നിരുന്നു. അത്യധികം ദുഃഖകരമായ മുഹൂര്‍ത്തത്തിന് കത്തീഡ്രല്‍
ദേവാലയം സാക്ഷിയായി. സെന്റ്. അല്‍ഫോന്‍സായുടെ നാമത്തില്‍ ഈ ദേവാലയം കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ദു:ഖകരമായ ചടങ്ങായിരുന്നു ഇന്ന് നടന്നത്. പ്രസ്റ്റണിലെ മലയാളി കുടുംബങ്ങള്‍ ജാതി മത ഭേതമെന്യേ ഒരു കൂട്ടായ്മയായി ഒന്നുചേര്‍ന്ന് തങ്ങളുടെ പ്രിയ സഹോദരിക്ക് യാത്ര നല്‍കി.
ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കല്‍ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവര്‍ക്കുള്ളത്. മൂത്ത മകള്‍ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌ക്കൂളില്‍ GCSE വിദ്യാര്‍ത്ഥിനിയാണ്. നിമിഷയുടെ സഹോദരന്‍ നോയല്‍ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മൂന്നു വര്‍ഷമായി ജയ ക്യാന്‍സറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയില്‍ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാതറിന്‍ ഹോസ്പിറ്റലിന്റെ പ്രതേക പരിചരണത്തില്‍ ആയിരുന്നു .
അറക്കുളം സെന്റ് തോമസ്സ് ഓള്‍ഡ് ചര്‍ച്ചില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയ്ച്ചു.
Leave a Reply