ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേഓഫ് ലൈനപ്പായി. കിംഗ്സ് ഇലവൻ പഞ്ചാബിനെ ഒന്‍പതു വിക്കറ്റിനു പൂന സൂപ്പർ ജയന്റ് പരാജയപ്പെടുത്തിയതോടെയാണ് പ്ലേഓഫ് ലൈനപ്പ് ഉറച്ചത്. പഞ്ചാബ് ഉയർത്തിയ 74 റണ്‍സ് വിജയലക്ഷ്യം പൂന എട്ട് ഓവർ ബാക്കിനിൽക്കെ മറികടന്നു. രണ്ടു വിക്കറ്റും ഒരു തകർപ്പൻ ക്യാച്ചും റണ്ണൗട്ടും സ്വന്തം പേരിലെഴുതിയ ജയദേവ് ഉനാദ്ഘട്ടാണ് കളിയിലെ താരം.
ജയത്തോടെ 18 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ പൂന ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനെ പ്ലേഓഫിൽ നേരിടും. കോൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് രണ്ടാം പ്ലേഓഫ് മത്സരം.
പ്ലേഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 15.5 ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ പന്തിൽതന്നെ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടമായ പഞ്ചാബ് പിന്നാലെ തകർന്നടിയുകയായിരുന്നു. 22 റണ്‍സ് നേടിയ അക്സർ പട്ടേലാണ് പഞ്ചാബ് ടോപ് സ്കോറർ. പൂനയ്ക്കായി ശർദുൾ താക്കുർ മൂന്നു വിക്കറ്റും ജയദേവ് ഉനാദ്ഘട്, ആദം സാംപ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്ക് രാഹുൽ ത്രിപതി(28)യുടെ വിക്കറ്റ് മാത്രമാണ് ലക്ഷ്യം കാണാൻ നഷ്ടപ്പെടുത്തേണ്ടിവന്നത്. അജിൻക്യ രഹാനെ(34), സ്റ്റീവ് സ്മിത്ത്(15) എന്നിവർ പുറത്താകാതെനിന്നു.
Leave a Reply