ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനിടെ ചിത്രത്തെക്കുറിച്ച് പലഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തിൽ ഉൾപ്പെട്ട ചിത്രമായിരിക്കും ഇത്.
ഈ സിനിമയുടെ പേരിൽ കാസ്റ്റിങ് കോൾ നടത്തുന്നുവെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റായ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തി.
ജീത്തുവിന്റെ കുറിപ്പ് വായിക്കാം–
‘ഞാൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും പലരിൽ നിന്നും അറിയാൻ കഴിഞ്ഞു… ഇത് തികച്ചും തെറ്റായ വാർത്തയാണ്…. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്… കാസ്റ്റിംഗിനെ പറ്റിയോ കാസ്റ്റിംഗ് കോളിനെ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല… അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും… ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി അറിയിക്കുക..
Leave a Reply