ലണ്ടന്‍: മെയില്‍ വിവിധ പ്രദേശിക കൗണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 35 ശതമാനം വോട്ട് നേടാനായില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പുതിയ നേതാവ് ജെറെമി കോര്‍ബിന്റെ പരാജയമാകുമെന്ന് സഖ്യകക്ഷികള്‍. ഇത് ചിലപ്പോള്‍ കോര്‍ബിന് പാര്‍ട്ടിക്ക് പുറത്തേക്കുളള വാതിലും തുറന്ന് കൊടുത്തേക്കാമെന്നും ചിലര്‍ വിലയിരുത്തുന്നു. കോര്‍ബിനും അത്തരമൊരു ഭയമുളളതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മെയ് മാസത്തില്‍ നടക്കുന്ന ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ്, സ്‌കോട്ടിഷ് പാര്‍ലമെന്റ്, വെല്‍സെ അസംബ്ലി, ഇംഗ്ലീഷ് ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളാണ് കോര്‍ബിന് ഏറെ നിര്‍ണായകമാകുന്നത്. സെപ്റ്റംബറില്‍ കോര്‍ബിന്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം പാര്‍ട്ടിയുടെ സ്വീകാര്യത ഏറെ കുറഞ്ഞതായാണ് വിലയിരുത്തല്‍. ഇക്കൊല്ലം പാര്‍ട്ടിക്ക് വെറും 33 ശതമാനം വോട്ട് മാത്രമേ നേടാനാകൂ എന്നാണ് വിലയിരുത്തല്‍. അത് കണ്‍സര്‍വേറ്റീവുകളെക്കാള്‍ അഞ്ച് ശതമാനം കുറവാണ്. അതായത് മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക വളരെ മോശം പ്രകടനമാകും കാഴ്ച വയ്ക്കാനാകുക.
സ്‌കോട്ട്‌ലന്റില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് തദ്ദേശ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ധാരാളം സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നു. ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ അടുത്ത മേയറാകാന്‍ വളരെക്കുറച്ച് സാധ്യത മാത്രമേ കല്‍പ്പിക്കുന്നൂളളൂ. ടോറി സ്ഥാനാര്‍ത്ഥി സാക് ഗോള്‍ഡ് സ്മിത്തുമായി ശക്തമായ പോരാട്ടം നടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മെയിലെ തെരഞ്ഞെടുപ്പില്‍ മുപ്പത്തഞ്ച് ശതമാനം വോട്ട് നേടാന്‍ പാര്‍ട്ടിക്ക് കഴിയണം. നമ്മള്‍ നേട്ടമുണ്ടാക്കുന്നുണ്ടെന്ന് കാട്ടാന്‍ ഇത് മതിയാകും. ഈ നിരക്കിലേക്ക് എത്താനായില്ലെങ്കില്‍ അന്ത്യം തുടങ്ങിയെന്ന് വേണം കരുതാനെന്നും കോര്‍ബിനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ മാസം ഓള്‍ഡ്ഹാം വെസ്റ്റിലും റോയ്ട്ടണിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേടാനായ അനായാസ വിജയം പുതുവര്‍ഷത്തിലും തുടരാനാകുമെന്നും ചിലര്‍ കരുതുന്നു. കൂടുതല്‍ നയകാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.