പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടി രണ്ടാമതും പാര്‍ലമെന്റ് തള്ളിയ സാഹചര്യത്തില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കണമെന്ന പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്. പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ധാരണ മരിച്ചുവെന്നും ഉപാധി രഹിതമായ ബ്രെക്‌സിറ്റിനെ എതിര്‍ക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് വിഷയത്തില്‍ കോമണ്‍സില്‍ വോട്ടെടുപ്പ് നടക്കുന്നത്. ലേബര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന ലേബര്‍ അണികളുടെതുള്‍പ്പെടെയുള്ള ആവശ്യം അദ്ദേഹം നിരാകരിച്ചു. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ് ഏറ്റു വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 242നെതിരെ 391 വോട്ടുകള്‍ക്കാണ് കോമണ്‍സ് തെരേസ മേയുടെ ഉടമ്പടി തള്ളിയത്.
നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിക്കുക പോലും വേണ്ടെന്ന നിലപാടാണ് കോര്‍ബിന്‍ അറിയിച്ചത്. മുമ്പ് അത് പറഞ്ഞിട്ടുണ്ട്. വീണ്ടും അതേ നിലപാട് തന്നെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്യാന്‍ കോമണ്‍സ് ഒരു പദ്ധതി മുന്നോട്ടു വെക്കണം. ലേബര്‍ നേരത്തേ ഉന്നയിച്ച കസ്റ്റംസ് യൂണിയന്‍ പദ്ധതി വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈയുണ്ടെന്നത് വാസ്തവമാണ്. പക്ഷേ ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രി വെറുതേ സമയം പാഴാക്കുകയായിരുന്നു. ഇനി നമുക്ക് മുന്നിലുള്ളത് പൊതുതെരഞ്ഞെടുപ്പ് എന്ന സാധ്യതയാണെന്നും കോര്‍ബിന്‍ പറഞ്ഞു. ഇന്നലെ നടന്ന കോമണ്‍സ് വോട്ടെടുപ്പില്‍ ഒരു ലേബര്‍ എംപി മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു.
ലേബര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ഫണ്ടിംഗ് ഓഫറുകള്‍ നല്‍കി എംപിമാരെ വശത്താക്കാന്‍ നടത്തിയ നീക്കത്തിന്റെ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന കമ്യൂണിറ്റികള്‍ക്ക് 1.6 ബില്യന്‍ പൗണ്ടിന്റെ സ്‌ട്രോംഗര്‍ ടൗണ്‍ ഫണ്ടുകള്‍ അനുവദിക്കുമെന്ന് മേയ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
Leave a Reply