ടോറി പാർട്ടി നേതൃത്വ മത്സരത്തിൽ അവസാന രണ്ട് പേരായി തെരഞ്ഞെടുക്കപ്പെട്ടത് ബോറിസ് ജോൺസണും ജെറമി ഹണ്ടും. പാർട്ടി എംപിമാരുടെ അന്തിമ ബാലറ്റിൽ 160 വോട്ട് നേടിയാണ് ബോറിസ് ജോൺസൻ തെരഞ്ഞെടുക്കപ്പെട്ടത്. പകുതിയിലേറെ വോട്ടും അദ്ദേഹം തന്നെ സ്വന്തമാക്കി എന്നുള്ളതാണ് പ്രധാന കാര്യം. ഇത്രയും അധികം പിന്തുണ ലഭിച്ചതിൽ തനിക്ക് അഭിമാനം ഉണ്ടെന്ന് ജോൺസൻ പറഞ്ഞു. എന്നാൽ ശക്തമായ പോരാട്ടത്തിലൂടെയാണ് ജെറമി ഹണ്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഹണ്ട് 77 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർഥി മൈക്കിൾ ഗോവ് 75 വോട്ടുകൾ നേടി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദും പുറത്തായി. ജോൺസനും ഹണ്ടും ഇനി 160000 ടോറി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം. അതിൽ നിന്നാവും ടോറി പാർട്ടി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. ജൂലൈ അവസാനത്തോടെ ഫലം പുറത്തുവരും.
4 റൗണ്ട് വോട്ടെടുപ്പുകളിലും വ്യക്തമായ ലീഡ് ഉയർത്തി തന്നെയാണ് ബോറിസ് ജോൺസൻ മുന്നേറിയത്. അതിനാൽ തന്നെ ഏറ്റവും അവസാന റൗണ്ടിൽ ജോൺസന്റെ വിജയം ഉറപ്പായിരുന്നു. എന്നാൽ രണ്ടാം സ്ഥാനത്തിനായി പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ദിവസങ്ങളായി ശക്തമായ പോരാട്ടമാണ് നടത്തിയത്.313 കൺസേർവേറ്റിവ് എംപിമാരും ഹൗസ് ഓഫ് കോമൺസിലെ അന്തിമ ബാലറ്റിൽ പങ്കെടുത്തു. ഒരു പേപ്പർ തള്ളപ്പെട്ടു. അടുത്ത ടോറി പാർട്ടി നേതാവും പ്രധാനമന്ത്രിയും ആവാൻ ഇരുവരും മത്സരിക്കുമ്പോൾ തന്റെ ജീവിത പോരാട്ടം ആയിരിക്കും ഇനിയെന്ന് ഹണ്ട് പറഞ്ഞു. “വളരെയധികം അഭിമാനമുണ്ട് ” അവസാന ബാലറ്റ് ഫലത്തെ തുടർന്ന് ജോൺസൻ ഇപ്രകാരം ട്വീറ്റ് ചെയ്തു. അതേസമയം, പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകാൻ ജോൺസനെ മുൻനിരക്കാരനായി അംഗീകരിച്ച ഹണ്ട്, താൻ തോറ്റുകൊണ്ടിരിക്കുന്ന ആളാണെന്നും എന്നാൽ രാഷ്ട്രീയത്തിൽ ആശ്ചര്യങ്ങൾ സംഭവിക്കാം എന്നും ട്വീറ്റ് ചെയ്തു. മൈക്കിൾ ഗോവ്, കൺസേർവേറ്റിവ് പാർട്ടിയുടെ തിളക്കമുള്ള നക്ഷത്രം ആണെന്നും ഹണ്ട് കൂട്ടിചേർത്തു. തന്റെ എതിരാളികളെ അഭിനനദിച്ച ഗോവ്, സ്വാഭാവികമായും താൻ നിരാശനാണെന്നും എന്നാൽ ഞങ്ങൾ നടത്തിയ പ്രചാരണത്തിൽ അഭിനമാനമുണ്ടെന്നും പറഞ്ഞു.
ഇനിയുള്ള വോട്ടെടുപ്പിന് മുമ്പ് ജോൺസനും ഹണ്ടും രാജ്യത്തുടനീളമുള്ള കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങൾക്ക് മുന്നിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കും. അവസാന ഫലം ജൂലൈ 22ന് പ്രഖ്യാപിക്കും. ചാനൽ ഫോറും ബിബിസിയും ആതിഥേയത്വം വഹിച്ച മുൻ നേതൃത്വ സംവാദങ്ങളെ തുടർന്ന് ജൂലൈ 9ന് അവർ ഐടിവിയിൽ ഒരു പ്രധാന ചർച്ചയിൽ പങ്കെടുക്കും. ജെറമി ഹണ്ട് 2010 മുതൽ മന്ത്രിസഭയിൽ ഉണ്ട്. വിദേശകാര്യ സെക്രട്ടറി ആകുന്നതിനുമുമ്പ് ഏറ്റവും കൂടുതൽ കാലം യുകെയിലെ ആരോഗ്യ സെക്രട്ടറിയായിരുന്നു. തെരേസ മേയുടെ ബ്രെക്സിറ്റ് തന്ത്രത്തെ തുടർന്ന് കഴിഞ്ഞ വർഷം മന്ത്രിസഭയിൽ നിന്നും രാജി വെച്ച മുൻ വിദേശകാര്യ സെക്രട്ടറി ജോൺസൻ, യുകെയിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ്. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായിരുന്നു.
കൺസേർവേറ്റിവ് പാർട്ടി ചെയർമാൻ ബ്രാൻഡൻ ലൂയിസ് അവസാന രണ്ട് മത്സരാർത്ഥികളെ അഭിനന്ദിച്ചു. ” കൺസേർവേറ്റിവുകൾ ഒരു പുതിയ നേതാവിനെ മാത്രമല്ല, അടുത്ത പ്രധാനമന്ത്രിയെയും ആണ് തെരഞ്ഞെടുക്കുന്നുവെന്ന ബോധ്യമുണ്ട്. നമ്മുടെ രാജ്യത്തിന് ഇത്രയും പ്രധാനപ്പെട്ട സമയത്ത് ആ ഉത്തരവാദിത്തം ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു.” അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ ദേശീയ പ്രചാരണ കോ – ഓർഡിനേറ്റർ ആൻഡ്രൂ ഗ്വിൻ ഇപ്രകാരം പറഞ്ഞു ” എന്തൊരു തെരഞ്ഞെടുപ്പ് : എൻഎച്ച്എസിനെ തകർത്തയാൾ അല്ലെങ്കിൽ എൻഎച്ച്എസിനെ ട്രംപിന് വിൽക്കാൻ ശ്രമിക്കുന്ന ആൾ”. പ്രതിനിധികളില്ലാത്ത ഒരുപിടി കൺസേർവേറ്റിവ് അംഗങ്ങൾ അല്ല നമ്മുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും പൊതുതെരഞ്ഞെടുപ്പിലൂടെ ആളുകൾ തീരുമാനിക്കണമെന്നും ഗ്വിൻ കൂട്ടിച്ചേർത്തു.
Leave a Reply