ലണ്ടന്‍: പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ മാറ്റി വെക്കേണ്ടി വന്ന സംഭവത്തില്‍ ക്ഷമാപണവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. എന്‍എച്ച്എസ് നാഷണല്‍ എമര്‍ജന്‍സി പ്രഷര്‍ പാനലിന്റെ നിര്‍ദേശമനുസരിച്ചാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ജനുവരി അവസാനം വരെ നടത്തേണ്ടെന്ന് തീരുമാനിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരികെ എത്തിക്കുന്നത് വരെ ഔട്ട് പേഷ്യന്‍ കണ്‍സള്‍ട്ടേഷനുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിന്റര്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെയാണ് ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് എന്‍എച്ച്എസിന് നീങ്ങേണ്ടി വന്നത്. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയും ഇംഗ്ലണ്ടിലെ അക്യൂട്ട് കെയര്‍ ഡറക്ടര്‍ കെയ്ത്ത് വില്ലറ്റും ഈ നിയന്ത്രണങ്ങള്‍ കടുത്ത പ്രതിസന്ധിയുടെ ചിഹ്നങ്ങളാണെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. പദ്ധതിയനുസരിച്ച് തന്നെയാണ് ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെടുന്നതെന്ന് ഹണ്ട് സ്‌കൈ ന്യസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പല ശസ്ത്രക്രിയകളും റദ്ദാക്കപ്പെട്ടത് അവസാന നിമിഷത്തിലാണ്. അതില്‍ ഖേദമുണ്ടെന്നും ഈ പ്രശ്‌നം അധികനാളുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നതായും ഹണ്ട് വ്യക്തമാക്കി. അതേസമയം ഈ വിന്ററില്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ എന്‍എച്ച്എസ് നടത്തിയിരുന്നതായി പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചികിത്സ അവസാന സമയം നിഷേധിക്കപ്പെടുന്നത് നിരാശാജനകമാണെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഈ വിഷയം പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. ഇതിനായി അധിക ഫണ്ടും വകയിരുത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 15 ശതമാനം എന്‍എച്ച്എസ് അക്യൂട്ട് ഹോസ്പിറ്റല്‍ ട്രസ്റ്റുകളും ആംബുലന്‍സ് സര്‍വീസുകളും ബ്ലാക്ക് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.











Leave a Reply