ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബുധനാഴ്ച അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ നികുതി കുറയ്ക്കുന്നത് ദീർഘകാല വളർച്ചയെ മുൻനിർത്തി ഉത്തരവാദിത്വത്തോടെ മാത്രമേ ചെയ്യുകയുള്ളൂ എന്ന് ചാൻസിലർ ജെറമി ഹണ്ട് സൂചന നൽകി. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബഡ്ജറ്റിനെ കുറിച്ച് പ്രവചനം നടത്തുന്ന തിരക്കിലാണ് രാജ്യത്തെ മാധ്യമങ്ങൾ എല്ലാം തന്നെ. ഈ സാഹചര്യത്തിലാണ് ജെറമി ഹണ്ടിന്റെ പ്രഖ്യാപനം ഉണ്ടായത്. നികുതി കുറയ്ക്കാൻ ആഗ്രഹിക്കുന്നതായും പക്ഷേ അത് രാജ്യത്തിൻറെ സാമ്പത്തിക നില തകരാറിലാക്കുന്ന രീതിയിലല്ലാതെ ഉത്തരവാദിത്വത്തോടെ മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് ചാൻസിലർ പറഞ്ഞത് .

കടം വാങ്ങുന്നത് വർദ്ധിപ്പിച്ച് നികുതി കുറയ്ക്കുമെന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഇൻഷുറൻസിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തിൻറെ ദീർഘകാല ഉന്നമനത്തെ ലക്ഷ്യമിട്ടായിരിക്കും തൻറെ ബഡ്ജറ്റ് എന്ന് ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ചാൻസിലർ ജെറമി ഹണ്ട് എടുത്തു പറഞ്ഞു. ബഡ്ജറ്റിൽ എന്ത് പ്രസ്താവനകൾ നടത്തിയാലും ടോറികളുടെ ഭരണപരാജയത്തിന് അതിനെ മറികടക്കാനാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. നികുതി കുറയ്ക്കണമെന്ന് ചാൻസിലർ പറയുമ്പോഴും ടോറികളാണ് കഴിഞ്ഞ 70 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള നികുതി നടപ്പിലാക്കിയതെന്ന് ലേബറിൻ്റെ ഷാഡോ ചീഫ് സെക്രട്ടറി സാരൻ ജോൺസ് പറഞ്ഞു.

ബഡ്ജറ്റിൽ ആരോഗ്യ മേഖലയെയും പോലീസിനെയും ആധുനിക വത്കരിക്കാനായി തുക വകയിരുത്തുന്നതിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം 800 മില്യൺ പൗണ്ടിന്റെ സാങ്കേതിക പരിഷ്കാരങ്ങൾ എൻഎച്ച്എസിലും നിയമപരിപാലനത്തിലും നടപ്പിലാക്കാൻ ബഡ്ജറ്റിൽ നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എൻഎച്ച്എസിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം ബഡ്ജറ്റിൽ ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ആധുനികവത്കരണമാണ് നടപ്പിലാക്കുക. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ എൻഎച്ച്എസിലെ സ്കാൻ ടൈം മൂന്നിലൊന്നായി കുറയ്ക്കാമെന്നാണ് കണക്കാക്കുന്നത് .


ഇതോടൊപ്പം ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് നിയന്ത്രണങ്ങൾക്കും മറ്റുമായി വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൻ ആധുനികവത്കരണം ആണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള പരിഷ്കരണം ഉപകാരപ്രദമായിരിക്കും എന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ജാമുകൾ ഒഴിവാക്കുന്നതിനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഓരോ വർഷവും 38 ദേശലക്ഷം മണിക്കൂർ സമയം ലാഭിക്കാൻ പോലീസ് ഡിപ്പാർട്ട്മെൻ്റിന് സാധിക്കും.

ഇംഗ്ലണ്ടിലെ 100 എംആർഐ സ്കാനറുകൾ എങ്കിലും നിർമ്മിത ബുദ്ധി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഫലമായി 130,000 രോഗികൾക്ക് എങ്കിലും പരിശോധന ഫലങ്ങൾ നേരത്തെ ലഭിക്കുന്നതിന് കാരണമാവും. ഈ വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ കൈയ്യിലെടുക്കാനുള്ള പൊടിക്കൈകൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.